കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്നു താന്‍ രാജിവയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നു നടി അന്‍സിബ ഹസന്. തനിക്കെതിരേ നടന് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. താന്‍ ആരോടു സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നു.
തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി. താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി പറഞ്ഞുപരത്തി. ജിഹാദിയെന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അന്‍സിബ പറഞ്ഞു. താന്‍ മാനസികമായി ആകെ തകര്‍ന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയില്‍നിന്നു പുറത്താകുമെന്ന് ഭയന്നാണെന്നും നടി പറയുന്നു.
ടിനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. രാജിവച്ചതിന്റെ യഥാര്‍ഥ കാരണം ആളുകള്‍ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി വാർത്താമാധ്യമങ്ങളോട് പറഞ്ഞു.
അന്‍സിബ ഹസന്റെ നടൻ ടിനി ടോമിനെതിരേയുള്ള പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു. ആദ്യം സംഘടനയില്‍ പരാതി നല്‍കിയിരുന്നില്ല.
മാധ്യമങ്ങളിലൂടെ ഇത് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ മെയില്‍ അയച്ചിരുന്നു. അന്‍സിബ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളാണ് മെയിലിലും ഉണ്ടായിരുന്നത്. പരാതി ലഭിച്ച സാഹചര്യത്തില്‍ വിഷയം സംഘടനയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേത പറഞ്ഞു.
ജനുവരിയില്‍ അന്‍സിബ തന്നെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറഞ്ഞിരുന്നു. അത് വ്യക്തിപരമായ കാര്യമായിരുന്നതിനാല്‍ സംഘടനയ്ക്ക് ഇടപെടുന്നതില്‍ പരിമതിയുണ്ടായിരുന്നു ശ്വേത പറഞ്ഞു.
അന്‍സിബയുടെ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.