മേപ്പാടി: വിനോദ സഞ്ചാരികൾക്കായി 10 വർഷങ്ങൾക്ക് മുമ്പ് നെല്ലാറച്ചാലിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഇനിയും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടില്ല.ബ്ലോക്ക് പഞ്ചായത്ത് മുഖേന അനുവദിച്ച 40 ലക്ഷം രൂപ ഫണ്ട് ചിലവഴിച്ചാണ് ഇത് നിർമിച്ചത്. ഒരു ഹാൾ, അടുക്കള, ഇൻഫർമേഷൻ കൗണ്ടർ, ടോയ്ലെറ്റ് എന്നിങ്ങനെ നാല് കെട്ടിടങ്ങളും കിണറും അടങ്ങുന്നതാണ് വഴിയോര വിശ്രമ കേന്ദ്രം. നെല്ലറച്ചാൽ ജംങ്ഷനിലുള്ള റവന്യു ഭൂമിയിലാണ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. പ്രവൃത്തികൾ പൂർത്തീകരിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ജില്ലാ നിർമിതി കേന്ദ്രത്തിന്റെ മേൽ നോട്ടത്തിലാണ് പ്രവൃത്തി നടത്തിയത്. ഹാൾ, അടുക്കള എന്നിവ ചെങ്കല്ലുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മേൽപ്പുര ഓട് മേഞ്ഞതുമാണ്. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഡിടിപിസിക്ക് കൈമാറാനായിരുന്നു തീരുമാനം.എന്നാൽ ഇതു വരെ ഔപചാരിക ഉദ്ഘാടനം നടന്നിട്ടില്ല. 40 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ കാടു കയറി നശിക്കുകയാണ്.വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും ലഘുഭക്ഷണം, പാനീയങ്ങൾ എന്നിവ തയ്യാറാക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും എല്ലാം ലക്ഷ്യമിട്ടാണ് വിശ്രമ കേന്ദ്രം നിർമിച്ചിരിക്കുന്നത്. എന്നാൽ നിർമിച്ച് 10 വർഷം പിന്നിട്ടിട്ടും അത് സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർക്കായില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.