ഹെല്‍സിങ്കി: ഗോതിയ കപ്പ് ഫുട്ബോൾ കിരീടം നിലനിർത്തി മിനര്‍വ അക്കാദമി അണ്ടര്‍-12 ഫുട്ബോള്‍ ടീം. ബ്രസീലിയന്‍ ടീമായ ആര്‍എസ് സ്പോര്‍ട്സ് യെല്ലോയെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മിനര്‍വ അക്കാദമി കിരീടം നിലനിര്‍ത്തിയത്.
ഒരാഴ്ചയ്ക്കിടെ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. അടുത്തിടെ നടന്ന ഹെല്‍സിങ്കി കപ്പിലും മിനര്വയായിരുന്നു ജേതാക്കള്‍.
ഗോതിയ കപ്പ് ഫൈനലില്‍ കിപ്ഗെന് താംഗ്സാംഗ്ലെൻ ആണ് മിനര്‍വയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. ബ്രസീലിയന്‍ ടീം തിരിച്ചടിച്ചെങ്കിലും, മനോഹരമായ ഒരു ഫ്രീ-കിക്കിലൂടെ മെഖാംഖ്രാവ് നോങ്റെം മിനര്‍വയ്ക്ക് വീണ്ടും ലീഡ് നല്കി.
പിന്നീട് പ്രതിരോധം ശക്തമാക്കിയ മിനര്‍വ താരങ്ങള്‍ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കൈവിട്ട ഹെല്‍സിങ്കി കപ്പ് ഈ വര്‍ഷം നേടിയെടുത്ത മിനര്‍വ, ഗോതിയ കപ്പിലെ വിജയത്തോടെ തങ്ങള്‍ ലോകോത്തര നിലവാരമുള്ള അക്കാദമിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.