അമ്പലപ്പുഴ: ചമ്പക്കുളത്തു മരത്തിനു മുകളിൽനിന്ന് വീണ് നടുവിനു ഗുരുതരമായി പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട നിലയിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമബംഗാൾ സ്വദേശി എസ്.കെ. ഖയൂം (45) ചികിത്സ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
ഒക്ടോബർ 18നാണ് അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഖയൂമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടുവിനു ഗുരുതരമായി പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട ഇദ്ദേഹത്തിന് ജനറൽ സർജറി വിഭാഗത്തിൽ ഡോ. രാംലാലിന്റെ നേതൃത്വത്തിൽ ആവശ്യമായ ശസ്ത്രക്രിയ നടത്തി.
തുടർന്ന് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കി. ഹെഡ് നഴ്സ് ബീന, സീനിയർ നഴ്സിംഗ് ഓഫീസർ ലിജി എന്നിവരുടെ നേതൃത്വത്തിൽ നഴ്സിംഗ് വിഭാഗം മികച്ച പരിചരണവും കരുതലും നൽകി. രോഗവിവരമറിഞ്ഞ് ഭാര്യ നാട്ടിൽനിന്ന് ആശുപത്രിയിലെത്തിയിരുന്നു.
ഇവരുടെ ദുരിതാവസ്ഥ മനസിലാക്കിയ കെ.സി. വേണുഗോപാൽ എംപിയുടെ എച്ച്ഡിഎസ് പ്രതിനിധിയും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ എച്ച്ഡിഎസ് പ്രതിനിധി നിസാർ വെള്ളാപ്പള്ളിയും ആവശ്യമായ സഹായങ്ങൾക്കായി ഇടപെട്ടു. കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടലിനെത്തുടർന്നു ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
കൂടാതെ, രോഗിയുടെയും കുടുംബത്തിന്റെയും യാത്രാദുരിതം കണക്കിലെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽനിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രചെയ്യുന്നതിനു സൗജന്യ ആംബുലൻസ് സൗകര്യവും ഒരുക്കി.
യാത്രതിരിക്കുന്നതിനു മുമ്പ് ചികിത്സയും പരിചരണവും നൽകിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരോടും സഹായവുമായി ഒപ്പംനിന്ന എല്ലാവരോടും ഖയൂമും ഭാര്യയും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.