കാസർഗോഡ്: മൂന്നുവർഷം മുമ്പ് സംസ്ഥാനത്തെ അഗ്നിരക്ഷാസേനയിൽ ആദ്യമായി വനിതകളെ നിയമിക്കുമ്പോൾ പോലീസും എക്സൈസുമൊന്നും പോലെയല്ല അഗ്നിരക്ഷാസേനയിലെ ജോലിയുടെ സ്വഭാവമെന്ന് വിളിച്ചുപറഞ്ഞവർ നിരവധിയുണ്ടായിരുന്നു. പക്ഷേ ധൈര്യത്തിന്റെയും സാഹസികതയുടെയും അർപ്പണബോധത്തിന്റെയും കാര്യത്തിൽ ആണുങ്ങളേക്കാൾ ഒരടി പോലും പിന്നിലല്ല തങ്ങളെന്ന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ വനിതാ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാർ തെളിയിച്ചു.
ചിറ്റാരിക്കാൽ കൊല്ലാട സ്വദേശിനി അനുശ്രീ, ബന്തടുക്കയിൽ നിന്നുള്ള പ്രീതി പ്രകാശ്, മുന്നാട് സ്വദേശിനി ശ്രീജിഷ, തിരുവന്തപുരം ജില്ലയിൽ നിന്നുള്ള അരുണ പി. നായർ എന്നിവരാണ് വനിതാ ഫയർ ഓഫീസർമാരുടെ ആദ്യ ബാച്ചിൽ കാസർഗോഡ് ജില്ലയിൽ നിയമിതരായത്.
അഗ്നിരക്ഷാസേനയിൽ വനിതകളെ നിയമിക്കുന്നത് ആദ്യമായിട്ടായതിനാൽ എല്ലാ ജില്ലകളിലും ആദ്യബാച്ചിൽ നിയമിതരായ എല്ലാവരെയും ഒരുമിച്ച് അതത് ജില്ലാ ആസ്ഥാനങ്ങളിലാണ് നിയമിച്ചത്.
തൃശൂരിലെ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് അക്കാദമിയിൽ ആറുമാസത്തെ കഠിന പരിശീലനത്തിനു ശേഷം 2024 മാർച്ചിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ആദ്യനാളുകളിൽ തന്നെ രാപ്പകൽ വ്യത്യാസമില്ലാതെ തീയണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും മുൻനിരയിൽ തന്നെ ഇവർ നിന്നു. പെണ്ണുങ്ങളാണെന്നതിന്റെ പേരിൽ ജോലിയുടെ കാര്യത്തിൽ ഒരു പ്രത്യേക ഇളവും ആരോടും ചോദിക്കരുതെന്ന കാര്യത്തിൽ ഇവർക്ക് നിർബന്ധമുണ്ടായിരുന്നു. നാൽവർ സംഘത്തിലുൾപ്പെട്ട അരുണ അക്കാലത്ത് ഒരു ആഴമേറിയ കിണറ്റിലിറങ്ങി ആട്ടിൻകുട്ടിയെ രക്ഷിച്ചത് നാട്ടുകാർക്കെല്ലാം വിസ്മയമായിരുന്നു.
അഗ്നിരക്ഷാസേനയിലെത്തി മൂന്നുവർഷമാകുമ്പോഴും ജോലിയുടെ കാഠിന്യത്തിന്റെ പേരിൽ ആരും ഇവിടെനിന്ന് വിട്ടുപോയിട്ടില്ലെന്നത് ഇവർക്ക് അഭിമാനകരമാണ്.
വരുംവർഷങ്ങളിൽ തന്നെ കൂടുതൽ വനിതകൾ ഈ മേഖലയിലെത്തുമെന്നും ഉയർന്ന തസ്തികകളിൽ പോലും വനിതകളെത്തുന്ന കാലം വിദൂരമല്ലെന്നുമാണ് ഇവരുടെ പ്രതീക്ഷ.