Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Development

Ernakulam

കോ​ടി​ക​ള്‍ മു​ട​ക്കി ന​ഗ​ര റോ​ഡ് വി​ക​സ​നം ന​ട​ത്തി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ഇ​രു​മ്പുവേ​ലി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​ത്തി​നൊ​പ്പം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​നു​മാ​യി കോ​ടി​ക​ൾ മു​ട​ക്കി റോ​ഡ് വി​ക​സ​നം ന​ട​ത്തി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ന​ട​പ്പാ​ത​യി​ലെ ഇ​രു​മ്പു വേ​ലി​ക​ള്‍ ത​ക​ര്‍​ന്നു കി​ട​ക്കു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ല്‍ ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ള്‍ മ​റ​ന്ന അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ഒ ജം​ഗ്ഷ​ന്‍ മു​ത​ല്‍ നെ​ഹ്റു പാ​ര്‍​ക്ക് വ​രെ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ത ന​വീ​ക​ര​ണ​വും ഇ​രു​മ്പ് വേ​ലി​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച​ത് മൂ​ലം ഇ​രു​മ്പ് വേ​ലി​ക​ളി​ല്‍ ത​ട്ടി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ശ​രി​യാ​യ രീ​തി​യി​ല്‍ അ​ല്ല ഇ​രു​മ്പ് വേ​ലി​ക​ള്‍ ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്നു.

നെ​ഹ്റു​പാ​ര്‍​ക്കി​ന് സ​മീ​പം ടൗ​ണ്‍ ഹാ​ളി​ന് മു​ന്നി​ല്‍ സീ​ബ്രാ ലൈ​നി​ലൂ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളെ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ പോ​രാ ന​ട​പ്പാ​ത​യി​ൽ പൊ​ട്ടി​യ​ട​ര്‍​ന്ന ഇ​രു​മ്പ് പൈ​പ്പ് ശ​രീ​ര​ത്തി​ല്‍ തു​ള​ഞ്ഞ് ക​യ​റാ​തെ ശ്ര​ദ്ധി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ ന​ട​പ്പാ​ത ത​ക​ര്‍​ന്ന് വി​ട​വും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ തി​ക​യും മു​മ്പ് പി​ഒ ജം​ഗ്ഷ​ന്‍ മു​ത​ല്‍ പാ​ലം ഉ​ള്‍​പ്പ​ടെ നെ​ഹ്റു​പാ​ര്‍​ക്ക് വ​രെ​യു​ള്ള റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ​ര​വും നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഒ​റ്റ​യാ​ള്‍ സ​മ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി എം.​ജെ. ഷാ​ജി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Latest News

Corehub Up