കാക്കനാട്: ഐഎംജി ജംഗ്ഷൻ മുതൽ ഇടച്ചിറ ഇൻഫോപാർക്കു വരെയുള്ള റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം നടപടികൾ ആരംഭിച്ചു.
കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐഎംജി മുതൽ ഇടച്ചിറവരെയുള്ള ഭാഗങ്ങളിൽ ഇരുവശങ്ങളിലും റോഡ് പുറമ്പോക്കും, കാനകളും കൈയേറി സ്വകാര്യ വ്യക്തികൾ അനധികൃത നിർമാണം നടത്തിവരുന്നതായി പലവട്ടം പരാതി ഉയർന്നെങ്കിലും കൈയേറ്റക്കാരെഒഴിപ്പിക്കാൻ പൊതുമരാമത്ത് വിഭാഗം നടപടി കൈക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്. റോഡിന്റെ ഇരു ഭാഗങ്ങളിലും കൈയേറ്റങ്ങൾ പെരുകിയതോടെ വാഹനത്തിരക്കേറിയ ഇൻഫോ പാർക്ക്റോഡിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും പതിവായിരുന്നു.
ഐ ടി ജീവനക്കാരി സ്വകാര്യ ബസിടിച്ച് മരിച്ചതോടെ ഉയർന്ന കനത്ത ജനരോഷമാണ് റോഡ് കൈയേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനെ പ്രേരിപ്പിച്ചത്.
കൈയേറ്റങ്ങൾ കണ്ടെത്താൻ സർവേ വിഭാഗത്തിന്റെ സഹകരണത്തോടെ ഉടനടി നടപടികൾ ആരംഭിക്കാനാണ് സർക്കാർ നിർദേശം.
22 വർഷം മുൻപ് ഇൻഫോ പാർക്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ കാക്കനാട് ഐഎംജി മുതൽ ഇടച്ചിറ വരെയുള്ള റോഡിന് നല്ല വീതിയും വശങ്ങളിൽ കാനകളും ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറയുന്നു.
വാഹനങ്ങൾക്ക് അനായാസം കടന്നുപോകാൻ കഴിയുംവിധം വിശാലമായ പാതയും അന്ന് ഉണ്ടായിരുന്നു. കാലക്രമേണ റോഡ് പുറമ്പോക്കുകൾ കൈയേറി അനധികൃത നിർമാണങ്ങൾ പെരുകി. വൻകിട സ്വകാര്യ കെട്ടിട നിർമാതാക്കൾ കൈയേറി ടൈലുകൾ പാകി പാർക്കിംഗ് ഏരിയ ആക്കി മാറ്റിയ റോഡ് പുറമ്പോക്ക് ആക്ഷേപം ഉയർന്നതിന്നെ തുടർന്ന് ഇരുവശങ്ങളിലും ചങ്ങല കൊണ്ട് ബന്ധിച്ച് കെട്ടിട നിർമാണ കമ്പനി ഇപ്പോഴും കൈവശം വച്ചിരിക്കുകയാണ്.
റോഡ് പുറമ്പോക്ക് കൈയേറിയവർ സർക്കാർ ഭൂമി വ്യാപകമായി കൈവശപ്പെടുത്തി മതിൽ നിർമിച്ചതും വിവാദമായിട്ടുണ്ട്. അപകട മരണങ്ങൾ പെരുകുന്നത് പതിവായതോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ഐടി ജീവനക്കാരും രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്.
സർവേ നടപടികൾ പൂർത്തിയാക്കിയാലുടൻ അനധികൃത കൈയേറ്റക്കാർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകും. ഒഴിയാത്തവരെ റവന്യൂ നടപടികളിലൂടെ ഒഴിപ്പിക്കാനാണ് തീരുമാനം.