തൊടുപുഴ: നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി തൊടുപുഴ പൊലീസ്. കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസില്‍ ന്യൂമാന്‍ കോളജിനു സമീപം റോഡില്‍ അനധികൃതമായി കച്ചവടം നടത്തിയ ഉന്തുവണ്ടി പിടിച്ചെടുത്ത പൊലിസ് കച്ചവടക്കാരനെതിരേ കേസെടുത്തു. പ്രദേശത്ത് കോളജ് ജംഗ്ഷന് സമീപത്തായി അനുമതിയില്ലാത്ത വഴിയോരക്കച്ചവടം വ്യാപകമായതിനെത്തുടര്‍ന്ന് ഗതാഗതതടസം രൂക്ഷമാകുകയും പലപ്പോഴും വാഹനയാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും പതിവാകുകയും ചെയ്തതിനെത്തുടര്‍ന്ന് പരാതി വ്യാപാകമായതിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് നടപടി.
നിരോധിതമേഖലകളില്‍ ഉന്തുവണ്ടിയിലും പെട്ടിഓട്ടോകളിലും കച്ചവടം നടത്തുന്നവര്‍ക്കെതിരേയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നഗരത്തില്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരേ വരും ദിവസങ്ങളിലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ സിഐ കെ.പി. മനേഷ് അറിയിച്ചു.
പൊലിസിനു പുറമേ നഗരസഭാ അധികൃതര്‍ക്കും അനധികൃത കച്ചവടങ്ങള്‍ക്കെതിരേ വ്യാപക പരാതി എത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.