അഞ്ചല്‍: ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പിലും കവര്‍ച്ചയും നിരവധി സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും നടന്നു. കാഞ്ഞുവയലില് പ്രവര്‍ത്തിക്കുന്ന മദീന ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്. ഹോട്ടലിന്റെ മുന്‍വശത്തെ ഗ്ലാസ് ഡോര്‍ കുത്തിപ്പൊളിച്ച് ആകത്തുകടന്ന മോഷ്ടാവ് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും മേശക്കുമുകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ബോക്സിലുണ്ടായിരുന്ന രൂപയും കവര്‍ന്നു. രാവിലെ ഹോട്ടല്‍ തുറക്കാനായി എത്തിയ ജീവനക്കാരാണ് മുന്‍വശത്തെ ഡോറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ വിവരം ഉടമയെ അറിയികുകയും ഉടമ എത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇവിടെനിന്നും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പഴയേരൂരില് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ തകര്ത്താന് കവര്‍ച്ച നടത്തിയത്. ഇവിടെ നിന്നും ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നു. കൂടാതെ പമ്പില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. പമ്പില്‍നിന്നും നൂറുമീറ്റര്‍ ദൂരത്തില്‍ മീന്‍ കടയുടെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ കടന്നുവെങ്കിലും ഇവിടെനിന്നും ഒന്നും നഷ്ടമായിട്ടില്ല. മറ്റ് നിരവധി സ്ഥാപനങ്ങളിലും കവര്‍ച്ചാ ശ്രമം നടന്നിട്ടുണ്ട്. ഏരൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന സ്ഥാപനങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ കുളത്തുപ്പുഴയില്‍ ഉള്‍പ്പടെ നിരവധി മോഷണ കേസുകളില്‍ പിടിയിലായ കുട്ടിക്കുറ്റവാളിയാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഏരൂര്‍ പോലീസ് അറിയിച്ചു.