വെള്ളായണി ശാന്തിവിളയിലെ കടയിൽ മോഷ്ടാവ് പണം കവരുന്നതിന്റെ സിസിടിവി ദൃശ്യം.
നെടുമങ്ങാട് : ടൗണിലും പരിസരങ്ങളിലും മോഷണം പെരുകുന്നു.പൊലിസ് നിഷ്ക്രിയംഎന്ന് ആക്ഷേപം.മോഷണത്തിൽ പണം നഷ്ടപ്പെട്ടുവെന്ന പരാതി നിലനിൽക്കെ അതേയിടത്ത് വീണ്ടും മോഷണം. ഒരുമാസത്തിനുള്ളിൽ നെടുമങ്ങാട് നഗരത്തിൽ നടന്ന് പത്തോളം മോഷണങ്ങൾ.
വിവിധ പത്രങ്ങളുടെ ഏജന്റ് ആയ ദിലീപിന്റെ കല്ലിംഗലിലുള്ള ഓഫിസ് മുറി ഇക്കഴിഞ്ഞ 13ന് മോഷ്ടാക്കൾ കുത്തിത്തുറന്ന് 31000 രൂപ കവർന്നിരുന്നു. ഇതുസംബന്ധിച്ച് നെടുമങ്ങാട് പൊലിസിൽ പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം അതേ ഓഫിസ് മുറിയിൽ വീണ്ടും മോഷണം നടന്നു. 200 രൂപയും ഒരു ബോക്സിൽ പ്രത്യേകം സൂക്ഷിച്ചിരുന്ന കുറേ പത്തു രൂപാ തുട്ടുകളും മോഷണം പോയി. രണ്ടാഴ്ച മുമ്പ് നഗര മധ്യത്തിലെ ഒരു ജ്വല്ലറിയിലും മൊബൈൽ ഷോപ്പിലും സമീപത്തെ മറ്റുചില സ്ഥാപനങ്ങളിലും അടുത്തടുത്ത ദിവസങ്ങളിൽ മോഷണം നടന്നിരുന്നു.
ലക്ഷങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. രണ്ടു ദിവസങ്ങൾക്ക് ശേഷം നഗരത്തോട് ചേർന്നുള്ള വാളിക്കോട് പ്രദേശത്തെ ചില സ്ഥാപനങ്ങളിലും അതേവിധം മോഷണം നടന്നു. പൊലിസ് സ്റ്റേഷന് സമീപത്തു കോയിക്കൽ മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന രൂപ കവർന്ന മോഷ്ടാക്കളും കാണാമറയത്താണ്.
കട കുത്തിത്തുറന്ന് പണം കവർന്നു
നേമം: കട കുത്തിത്തുറന്ന് പണം കവർന്നു. വെള്ളായണി ശാന്തിവിള സബീന ഫുഡ് കോർട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. എൺപതിനായിരം രൂപ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയിലുണ്ടായിരുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് മേശ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
നേമം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : robberies Nattuvishesham DistrictNews Nedumangad town