പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ.പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ നീക്കിയത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല. പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകിയിരുന്നു.
തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്.