കാസര്‍ഗോഡ്: സാധാരണ യാത്രക്കാരനെന്ന വ്യാജേന പ്ലാറ്റ്ഫോമില്‍ കാത്തിരുന്ന അന്തര്‍സംസ്ഥാന കുപ്രസിദ്ധ ട്രെയിന്‍ കവര്‍ച്ചാ സംഘത്തലവനെ തന്ത്രപരമായി വലയിലാക്കി കാസര്‍ഗോഡ് റെയില്‍വേ പൊലിസ്. ഹരിയാന ഹിസാര്‍ ഭട്ടോള്രങ്കരന് സ്വദേശി ദില്‍ബാഗ് (63) ആണ് ഏകദേശം 15 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമായി പിടിയിലായത്. വിപണിയില്‍ ഏകദേശം 13.74 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ റെയില്‍വേ പൊലിസും ആര്‍പിഎഫും സംയുക്തമായി നടത്തിവന്ന പരിശോധനയ്ക്കിടെയാണ് കോണ്‍ക്രീറ്റ് ബെഞ്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗുമായി ഇരുന്ന പ്രതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ പരിഭ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ബാഗില്‍ വസ്ത്രങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രതിയുടെ ബാഗ് വിശദമായി പരിശോധിച്ചതോടെ, വസ്ത്രങ്ങള്‍ക്കിടയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ മൂന്നു സ്വര്‍ണവളകള്‍, രണ്ടു മാലകള്‍, കമ്മലുകള്‍, മോതിരം, മംഗല്യസൂത്രം എന്നിവ കണ്ടെത്തുകയായിരുന്നു.
ആഭരണങ്ങളുടെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പ്രതിക്ക് സാധിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതിയുടെ ഞെട്ടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നത്. 2025 നവംബറില്‍ ചെന്നൈ-മംഗളൂരു മെയിലില്‍ യാത്രക്കാരുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസുകളില്‍ ഷൊര്‍ണൂര്‍, കോഴിക്കോട് റെയില്‍വേ പൊലിസ് സ്റ്റേഷനുകളിലെ കേസിലെ ഒന്നാംപ്രതിയാണ് ഇയാളെന്ന് വ്യക്തമായി. ഇതോടെ കണ്ടെടുത്ത ആഭരണങ്ങള്‍ മോഷണമുതലുകളാണെന്ന് ഉറപ്പിച്ച പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്ഐ സി.എസ്. സനില്‍കുമാര്‍, എഎസ്ഐ ഗംഗാധരന്, സിവില്‍ പൊലിസ് ഓഫിസര്‍ സനൂപ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എന്‍. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനും സ്വര്‍ണത്തിന്റെ ഉറവിടം സ്ഥിരീകരിക്കുന്നതിനുമായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.