കൊച്ചി: ടാങ്കർ ലോറി ഇടിച്ച് നിയന്ത്രണം വിട്ട, ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്ത് കായലിനു മുകളിലേക്ക് തൂങ്ങിനിന്നത് മണിക്കൂറുകളോളം ആശങ്ക പരത്തി.
തേവരയില്‍ അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിലാണു മാലിന്യവുമായി പോയ ടിപ്പര്‍ലോറിയാണ് കൈവരി തകര്‍ത്ത് കായലിലേക്കു തൂങ്ങിക്കിടന്നത്. ടിപ്പർ ഡ്രൈവര്‍ വര്‍ക്കല സ്വദേശി സുനില്‍കുമാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 12.15 ഓടെയായിരുന്നു അപകടം.
തോപ്പുംപടിയില്‍നിന്നു മാലിന്യവുമായി ബ്രഹ്മപുരം പ്ലാന്റിലേക്ക് പോവുകയായിരുന്നു ലോറി. പിന്നാലെ വരികയായിരുന്ന ടാങ്കര്‍ ലോറി പാലത്തില്‍വച്ച് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പറിൽ ഇടിക്കുകയായിരുന്നു.ഇതോടെ നിയന്ത്രണം വിട്ട ടിപ്പര്‍ പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്തു മുന്നോട്ടുപോയി.
ലോറിയുടെ കാബിന് ഉള്‍പ്പെടെയുള്ള മുന്‍ഭാഗം പാലത്തില്‍നിന്നു പുറത്തേക്ക് തള്ളി കായലിന് മുകളില്‍ തങ്ങിനില്ക്കുന്ന അവസ്ഥയിലായി. പിന്‍ഭാഗം ഫുട്പാത്തില്‍ ഉരസി ഇടിച്ചു നില്‍ക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഡീസല്‍ ടാങ്കിനു ചെറിയ ചോര്‍ച്ചയുണ്ടായി. മുന്‍വശം ഭാഗികമായി തകരുകയും ഇടതുവശത്തെ ടയര്‍ പൊട്ടുകയും ചെയ്തു.
അപകടസമയത്ത് സുനില്‍കുമാര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും ഓടിക്കൂടിയവരും ചേര്‍ന്നാണ് ലോറിയില്‍നിന്ന് സുനില്‍കുമാറിനെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് പരിക്കേറ്റ സുനില്‍ കുമാറിനെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. അപകടത്തിന് ശേഷവും നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി പിന്നീട് നാട്ടുകാര്‍ തടഞ്ഞു.
മാലിന്യനീക്കത്തിനായി കൊച്ചി കോര്പറേഷന് കരാറിനെടുത്തിട്ടുള്ള ലോറി വിന്‍സെന്റ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. അപകടത്തെതുടര്‍ന്ന് ഏറെ നേരം പാലത്തില്‍ ഗാതഗതം തടസപ്പെട്ടു. തുടര്‍ന്ന് സൗത്ത് പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. ക്ലബ് റോഡില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
വൈകുന്നേരം നാലോടെ വെല്ലിംഗ്ടണ്‍ ഐലൻഡില്‍ നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തി. ഇതിനിടെ ഒരു ക്രെയിനിന്റെ വടം പൊട്ടിയതിനെ തുടര്‍ന്ന് ലോറി ഉയര്‍ത്തുന്ന ജോലി കുറച്ചു നേരം തടസപ്പെട്ടു. പിന്നീട് മറ്റൊരു വടം എത്തിച്ച് നാലരയോടെ ലോറി ഉയര്‍ത്തി മാറ്റി തേവര ഭാഗത്തേക്കുള്ള റോഡരികിലേക്ക് മാറ്റിയിട്ടു. ക്ലബ് റോഡ് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ആര്. അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ലോറി മാറ്റിയ ശേഷം പാലത്തിലൂടെയുള്ള ഗതാഗതം സാധാരണനിലയിലായി.
രണ്ടു തവണ ടാങ്കര്‍ ഇടിച്ചു; രണ്ടാമത്തേതില്‍ നിയന്ത്രണം നഷ്ടമായി: ഡ്രൈവര്‍
കൊച്ചി: അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത ടാങ്കര്‍ ലോറി രണ്ടു തവണ തന്റെ ടിപ്പറിൽ ഇടിച്ചുവെന്ന് ഡ്രൈവര്‍ സുനില്‍ കുമാര്‍. നല്ല വേഗത്തിലായിരുന്ന ടാങ്കര്‍ ആദ്യം ഇടിച്ചപ്പോള്‍ അത് അറിയിക്കാന്‍ കൈ പുറത്തിടാന്‍ ശ്രമിക്കുന്നതിനിടെ അടുത്ത ഇടിയുണ്ടായി.
ഇതോടെ പാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ത്ത് വണ്ടി മുന്നോട്ടുപോയി. വണ്ടിയുടെ മുന്‍ ഭാഗം പാലവും കടന്ന് കായലിന് മുകളിലായി.
ഇതിനിടയില്‍ ടയറും പൊട്ടി. അപകടം കണ്ട് ഓടിയെത്തിയവരാണ് വാഹനത്തില്‍ നിന്നും ഇറക്കിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.