Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം യുഎസ് ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 92 എന്ന മൂല്യത്തിലെത്തിയ രൂപ അവസാനം ചെറിയൊരു ഉയർച്ചയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 91.88ൽ വ്യാപാരം പൂർത്തിയാക്കി.
തുടക്കത്തിലുണ്ടായ നേട്ടങ്ങൾ കൈവിട്ട രൂപ വ്യാപാരത്തിനിടെ 91.99 എന്ന നിരക്കിലേക്ക് താഴുകയും ചെയ്തതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന വിറ്റഴിക്കലും ആഭ്യന്തര ഓഹരി സൂചികകൾ വീണ്ടും നഷ്ടത്തിലാതും ഇന്നലെ രൂപയെ ബാധിച്ചു. കൂടാതെ അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും യുഎസ് ട്രഷറി യീൽഡുകൾ വർധിക്കുന്നതും നിക്ഷേപകരെ ഡോളറിലേക്ക് ആകർഷിച്ചു.
2025ൽ 5 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഈ ആഴ്ച 1.18 ശതമാനവും 2026 ജനുവരിയിൽ മാത്രം രൂപയുടെ മൂല്യത്തിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഓഹരിവിപണിയിലെ നഷ്ടം
വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വീണ്ടും കൂപ്പുകുത്തി. 30 ഓഹരികളുടെ സെൻസെക്സ് 779 പോയിന്റ് (0.94%) ഇടിഞ്ഞ് 81538ലും 50 ഓഹരികളുടെ നിഫ്റ്റി 241 പോയിന്റ് (0.95%) നഷ്ടത്തിൽ 25,049ലും വ്യാപാരം പൂർത്തിയാക്കി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ ഇന്ത്യൻ ഓഹരി വിറ്റഴിക്കലും വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചു.
ഇതിനെത്തുടർന്ന് ഈ ആഴ്ച നിഫ്റ്റി സൂചികയിൽ 2.5 ശതമാനം താഴ്ചയുണ്ടായി. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും മോശം പ്രകടനമാണിത്. സെൻസെക്സിന് ഈ ആഴ്ച 2.4 ശതമാനത്തോളം ഇടിവുണ്ടായി.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ മാത്രം 6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 458.5 ലക്ഷം കോടി രൂപയിൽ നിന്ന് 452 ലക്ഷം കോടി രൂപയായി താഴ്ന്നു. ഈ ആഴ്ച ഏകദേശം 16 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണ് കന്പനികളുടെ വിപണി മൂലധനത്തിലുണ്ടായിരിക്കുന്നത്. ജനുവരിയിൽ ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പ് എക്സിക്യൂട്ടിവ് സാഗർ അദാനിക്കുമെതിരേ സമൻസ് അയയ്ക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കോടതിയോട് അനുമതി തേടിയ വാർത്തയും വിപണിക്കു പ്രതികൂലമായി. അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾ 3.4 ശതമാനം മുതൽ 14.5 ശതമാനം വരെ ഇടിഞ്ഞു.
Kerala
ആലപ്പുഴ: ചാരുംമൂട്ടിൽ സ്കൂട്ടർ തട്ടി പരിക്കേറ്റതിനു പിന്നാലെ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്ന് കണ്ടെടുത്തത് നാലര ലക്ഷത്തോളം രൂപ. കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അനിൽ കിഷോർ എന്ന ആളാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സ്കൂട്ടർ ഇടിച്ചത്. താഴെ വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി.
പിന്നാലെ ചൊവ്വാഴ്ച രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. നൂറനാട് പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചത്. തുടർന്നു പഞ്ചായത്തംഗം ഫിലിപ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എസ്ഐ രാജേന്ദ്രൻ, എഎസ്ഐ രാധാകൃഷ്ണൻ ആചാരി, സിപിഒ മണിലാൽ, സാമൂഹിക പ്രവർത്തകനായ അരവിന്ദാക്ഷൻ എന്നിവർ ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു.
അഞ്ചു പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്.ശ്രീകുമാർ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ രൂപയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. അതിനുള്ള ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആർഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങൾ ചർച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിൽ പ്രിയങ്ക ഗാന്ധിയെ വിമർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ രൂപയിൽനിന്നും നീക്കിയശേഷമുള്ള ചായ സൽക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താൻ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമർശിച്ചു.
ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ് പ്രതികൾ കവർന്നത്. ഹരിയാന സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിലായത്.
13ന് രാത്രി 8.10 നും 14ന് രാവിലെ 8.10 നും ഇടയിലാണ് സംഭവം. ചെന്നൈ - മംഗലാപുരം ട്രെയിനിൽ വച്ചാണ് മോഷണം നടന്നത്. പിടിയിലായത് വൻ കവർച്ച സംഘമെന്നാണ് റെയിൽവെ പോലീസ് പറയുന്നത്.
ട്രെയിനുകളിൽ മോഷണം നടത്തുന്ന സാസി ഗ്യാംഗ് ആണ് പിടിയിലായത്. എസി കോച്ചുകളിൽ റിസർവേഷൻ ചെയ്താണ് മോഷണം. രാജ്യത്ത് വിവിധയിടങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വർണമാണ് സംഘം മോഷ്ടിച്ചത്.