കൊല്ലം: ഓച്ചിറ വൃശ്ചികോത്സവത്തിന് രണ്ടുനാള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഓച്ചിറ ടൗണ്‍ മൈതാനം വൃത്തിയാക്കിയിട്ടില്ല. മൈതാനമാകെ ചതുപ്പും മാലിന്യവും പാഴ്ച്ചെടികളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ഭക്തരും എത്തുന്ന ഇടമാണിത്. മാത്രമല്ല, ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഇവിടം ഉപയോഗിക്കുന്നു.ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ ഇവിടം ചെളിവെള്ളം നിറഞ്ഞനിലയിലാണ്.
ഉത്സവകാലത്തെ തിരക്ക് മുന്നില്‍ക്കണ്ട് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനോടു ചേര്‍ന്നുള്ള ഭാഗമാണ് കൂടുതല്‍ വൃത്തിഹീനമായി കിടക്കുന്നത്.ഹോട്ടല്‍ മാലിന്യവും പച്ചക്കറിമാലിന്യവും ഇവിടെ തള്ളുന്നതായാണ് ആക്ഷേപം. ഉത്സവത്തോടനുബന്ധിച്ച് ഓച്ചിറയിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന പ്രതീക്ഷിക്കുകയാണ്. അതിനനുസരിച്ചുള്ള ഭൗതികസാഹചര്യമൊരുക്കേണ്ടതുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യമില്ലെങ്കില്‍ വൃശ്ചികോത്സവ നാളുകളില്‍ വലിയ ഗതാഗതക്കുരുക്കിന് വഴിവയ്ക്കും. 17ന് വൃശ്ചികോത്സവം ആരംഭിക്കുംമുന്‍പ് മൈതാനം ശുചീകരിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നാണ് ഭക്തരുടെ ആവശ്യം.