മുഹമ്മ: വേമ്പനാട്ടുകായലിൽ കണ്ണങ്കര ഭാഗത്ത് പുനരാരംഭിച്ച മണൽ ഖനനം പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനും സമ്മേളനത്തിനും പിന്നാലെയാണ് നടപടി.
ഖനനം മൂലം കായൽത്തീരത്ത് അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുക, തൊഴിലും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, തകർന്ന കണ്ണങ്കര റോഡ് പുനർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ഖനനം നിർത്തിവച്ചത്. ഇക്കോ ടൂറിസം പദ്ധതിയും റോപ്പ് വേയും നടപ്പാക്കുന്ന പാതിരാമണൽ ദ്വീപിന് സമീപത്തെ മണൽ ഖനനം ദ്വീപിന് വൻഭീഷണിയായി തുടരുകയാണ്.
കെപിസിസി സെക്രട്ടറി അഡ്വ. എസ്. ശരത് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.ഡി. ശങ്കർ, മണ്ഡലം പ്രസിഡന്റുമാരായ ടി.ടി. സാജു, അജയകുമാർ, വിശ്വംഭരൻ പിള്ള, ഡിസിസി അംഗം സലിം എന്നിവർ പ്രസംഗിച്ചു. കെ.സി. ആന്റണി, പ്രീത സാബു, സിൽവി ഫ്രാൻസിസ്, സെബാസ്റ്റ്യൻ മങ്കുഴിക്കരി, ടി.ടി. പ്രസാദ്, ജോസഫ് ആന്റണി, ജയകൃഷ്ണൻ, ജോസി, എ.വി. ദിനേശൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.