തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ കെപിസിസി ആസ്ഥാനത്ത് എത്തിയ ഡോ. ശശി തരൂർ എംപിക്ക് ഊഷ്മളമായ വരവേൽപ്പ്. ഹൈക്കമാൻഡുമായി ചർച്ച നടത്തി പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന തരൂരിന്റെ പ്രസ്താവന ഏറ്റവും ആശ്വാസം പകർന്നതു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കാണ്.
തരൂരിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കേരളത്തിലെ കോണ്‍ഗ്രസിനു തലവേദനയായിരുന്നു. എന്നാൽ, വിവാദങ്ങളിൽ മൗനം പാലിച്ച് അകലം പാലിച്ചു നിൽക്കുകയായിരുന്നു കേരള നേതൃത്വം. കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗമായ തരൂരിന്റെ കാര്യത്തിൽ നിലപാടു പറയേണ്ടത് ഹൈക്കമാൻഡ് ആണെന്ന പൊതുനിലപാട് ആണു കേരളത്തിലെ നേതാക്കൾ സ്വീകരിച്ചിരുന്നത്.
എന്നാൽ, എറണാകുളത്തു നടന്ന മഹാപഞ്ചായത്തിൽ അവഗണന നേരിട്ടു എന്നു പറഞ്ഞു തരൂർ പ്രതിഷേധമുയർത്തിയപ്പോൾ കേരളത്തിലെ നേതാക്കൾക്കു ചങ്കിടിച്ചു. കാര്യമായ ഗ്രൂപ്പ് പ്രശ്നങ്ങളോ തർക്കങ്ങളോ ഇല്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ഒരുമയോടെ നീങ്ങുന്പോൾ തരൂരിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വിവാദങ്ങൾ പാർട്ടിക്കു ദോഷം ചെയ്യുമെന്ന ചിന്ത നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ, അവർ നിസഹായരുമായിരുന്നു. തരൂർ ഇടതുപക്ഷത്തേക്കു നീങ്ങുന്നു എന്നു സമീപദിവസങ്ങളിൽ വാർത്ത പരന്നെങ്കിലും അതിന് അല്പായുസായിരുന്നു; വിശ്വാസ്യതയും കുറവായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടാനായെങ്കിലും സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അപകടമാകുമെന്നു കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിച്ച് തരൂർ രംഗത്തിറങ്ങിയാൽ തെരഞ്ഞെടുപ്പുവേളയിൽ അതു പാർട്ടിക്കും മുന്നണിക്കു തലവേദനയാകും. മാത്രമല്ല, ശശി തരൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകനായാൽ അതു പാർട്ടിക്കു ഗുണം ചെയ്യുകയും ചെയ്യും. ഈ പശ്ചാലത്തിൽ തരൂർ തെരഞ്ഞെടുപ്പുരംഗത്തു സജീവമാകുമെന്ന വാർത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസവും ആഹ്ലാദവും പകരുന്നതായി.
തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുവേ മൗനം പാലിക്കാറുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ തരൂരിന്റെ കാര്യത്തിൽ വാചാലനായത് കോണ്‍ഗ്രസുകാർക്കിടയിലുണ്ടായ ആവേശത്തിന്റെ പ്രതിഫലനമാണ്. തരൂർ 140 മണ്ഡലങ്ങളിലും കോണ്‍ഗ്രസിനായി എത്തുമെന്നാണു സതീശൻ പറഞ്ഞത്. തരൂരിനെ ഇഷ്ടപ്പെടുന്ന വലിയൊരു ജനവിഭാഗമുണ്ട്. യുഡിഎഫിനു പിന്തുണയുമായി അവരിലേക്ക് അദ്ദേഹം എത്തുമെന്നും സതീശൻ പറഞ്ഞു.