ന്യൂഡൽഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വാനോളം പുകഴ്ത്തി ശശി തരൂർ വീണ്ടും വിവാദത്തിൽ. മോദി മുഖ്യാതിഥിയായ ചടങ്ങിൽ ജലദോഷവും ചുമയും അവഗണിച്ചു പങ്കെടുത്ത തരൂർ, ഇതേ അസുഖത്തിന്റെ പേരിൽ എഐസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന സുപ്രധാന എസ്ഐആർ അവലോകന യോഗത്തിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ ഉന്നതരുടെ നയങ്ങളിൽ പാർട്ടിക്കുള്ളിൽ അഗാധമായ നിരാശയും കോപവും ഉണ്ടെന്ന് ബിഹാർ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ബിജെപി ഓഫീസിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. ഇതേസമയം, തരൂരിന്റെ പ്രകോപനങ്ങളെ തത്കാലം അവഗണിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. തരൂർ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കാനായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
ദേശീയ പുരോഗതിയെക്കുറിച്ചും ഇന്ത്യയുടെ വികസനത്തെക്കുറിച്ചുമാണു പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ ഊന്നലെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തൽ. എപ്പോഴും തെരഞ്ഞെടുപ്പു മോഡിലാണെന്നാണു മോദിയെക്കുറിച്ച് ആക്ഷേപമെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള വൈകാരിക മോഡിൽ ആയിരുന്നു യഥാർഥത്തിൽ മോദി എന്നുവരെ തരൂർ പുകഴ്ത്തി. കടുത്ത ജലദോഷവും ചുമയും മല്ലിട്ടിട്ടും സദസിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ടെന്ന ആമുഖത്തോടെ എക്സിലെ വിശദമായ കുറിപ്പുകളിലാണ് തരൂരിന്റെ മോദി പ്രശംസ. പ്രധാനമന്ത്രി മോദി നടത്തിയ രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ സദസിന്റെ മുൻനിരയിലായിരുന്നു തരൂർ.
അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നു രാഷ്ട്രം സ്വയം മോചിതരാകണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയെ പ്രത്യേകം പരാമർശിക്കാനും തരൂർ മടിച്ചില്ല. 200 വർഷത്തെ ബ്രിട്ടീഷ് പാരന്പര്യമായ അടിമ മാനസികാവസ്ഥ ഇന്ത്യ ഉപേക്ഷിക്കണമെന്നും പുരോഗതിക്കായി രാജ്യം അസ്വസ്ഥരായിരിക്കണമെന്നും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തതിനെ തരൂർ പ്രശംസിച്ചു. ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിൽ അഭിമാനം പുനഃസ്ഥാപിക്കുന്നതിനുള്ള 10 വർഷത്തെ ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി മോദി അഭ്യർഥിച്ചുവെന്നു കോണ്‍ഗ്രസ് എംപി എഴുതി.
“ഇന്ത്യ ഇനിയൊരു ഉയർന്നുവരുന്ന വിപണി മാത്രമല്ല, ലോകത്തിനൊരു ഉയർന്നുവരുന്ന മാതൃക ആണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിന്റെ സാന്പത്തിക പ്രതിരോധശേഷിയും അദ്ദേഹം ശ്രദ്ധിച്ചു. വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കൊളോണിയൽ അനന്തര മനോഭാവത്തിനായി ശക്തമായി പ്രേരിപ്പിച്ചു. മൊത്തത്തിൽ, പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു സാന്പത്തിക വീക്ഷണമായും പ്രവർത്തനത്തിലേക്കുള്ള സാംസ്കാരിക ആഹ്വാനമായും വർത്തിച്ചു.’’ തരൂർ കുറിച്ചു.
Tags : Sasi Tharoor Modi