വർക്കിച്ചന് ചെറിയ പനിയും ചുമയും.രാത്രി ഒട്ടും ഉറക്കമില്ല. രാവിലെ ചാരുകസേരയിലിരുന്ന് മൂപ്പർ തെല്ലൊന്ന് മയങ്ങിപ്പോയി.ആ സമയത്ത് വർക്കിച്ചൻ ഒരു സ്വപ്നം കണ്ടു -തന്റെ സമീപം ആരോ വന്നുനിൽക്കുന്നു! ആ രൂപം മെല്ലെ വർക്കിച്ചന്റെ തോളിൽ തട്ടി.വർക്കിച്ചൻ കണ്ണുതുറന്നു. ചുറ്റും നോക്കിയപ്പോൾ അതാ, ഒരു ദേവദൂതൻ! മനുഷ്യരുടെ മനസ് വായിക്കാൻ ശക്തിയുള്ള മാലാഖ!
വർക്കിച്ചൻ മാലാഖാ സംവാദം
“വർക്കിച്ചാ! നീ രാവിലെ ഇങ്ങനെ കിടന്നുറങ്ങരുത്. എനിക്കു നിന്നോടു ചില കാര്യങ്ങൾ പറയാനുണ്ട്. ചില ദൃഷ്ടാന്തങ്ങൾ നിന്നെ കാണിക്കാനുണ്ട്” -മാലാഖ പറഞ്ഞു.
“ഇതെന്താ, മാലാഖ ഇവിടെ വന്നിരിക്കുന്നത്? ഞാൻ മരിച്ച് സ്വർഗത്തിലെത്തിയോ? അതാ എന്റെ തോന്നലാണോ?” -വർക്കിച്ചൻ സംശയിച്ചു.
“ഇത് സ്വപ്നമോ യാഥാർഥ്യമോ എന്നുള്ളതല്ല കാര്യം. ഞാൻ പറയുന്ന സംഗതികൾ ശ്രദ്ധിച്ചു കേൾക്കണം. അത് നീ ജീവിതത്തിൽ പകർത്തണം. ചില കാര്യങ്ങൾ മനസിലാക്കുകയും വേണം”-മാലാഖ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ഞാൻ എന്തു മനസിലാക്കാനാണ്?” -വർക്കിച്ചൻ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിച്ചു.
“നിനക്ക് പത്തറുപതു വയസായില്ലേ? ഇനിയെങ്കിലും അല്പം കാര്യഗൗരവത്തോടെ ജീവിച്ചുകൂടേ? മനുഷ്യരെക്കൊണ്ട് എന്തിനാണ് അതുമിതും പറയിക്കുന്നത്?”
മാലാഖയുടെ ഈ വാക്കുകൾ കേട്ടപ്പോൾ വർക്കിച്ചന് അമ്പരപ്പും ദേഷ്യവും വന്നു.
തന്നെക്കുറിച്ച് ഈ മാലാഖ എന്തൊക്കെയാണ് ധരിച്ചുവച്ചിരിക്കുന്നത്? താനത്ര മോശക്കാരനാണോ?
വർക്കിച്ചൻ തെല്ലു കോപത്തോടെ ചൊല്ലി: “എന്റെ മാലാഖേ! നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാൻ വളരെ നല്ലവനും നീതിമാനും കുടുംബക്കാരനുമാണ്.”
ഇതു കേട്ട് മാലാഖ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഒരു കൈയുയർത്തി മുറിയിലെ ഭിത്തിയിലേക്ക് ചൂണ്ടിക്കാട്ടിയിട്ടു പറഞ്ഞു: “നീയാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. നിന്റെ ധാരണ മാറ്റാൻ ഞാൻ ഒരു കാര്യം ചെയ്യാം. നിനക്കു വേണ്ടപ്പെട്ടവർ നിന്നെക്കുറിച്ച് ഇപ്പോൾ എന്തൊക്കെയാണ് പറയുന്നതെന്ന് അവരുടെ ചിത്രം സഹിതം കാണിച്ചും കേൾപ്പിച്ചും തരാം. മതിയോ?”
വർക്കിച്ചൻ ഒന്നും മിണ്ടാതെ നിന്നു.
“നിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ മേരിക്കുട്ടി നിന്നെക്കുറിച്ച് അവളുടെ അമ്മയോട് ഇപ്പോൾ പറയുന്നത് നീ കേട്ടുനോക്കുക! ഈ സീൻ ഈ മുറിയുടെ ഭിത്തിയിൽ നീ ലൈവായി കാണും” -മാലാഖ തുടർന്നു പറഞ്ഞു.
ഭാര്യ മേരിക്കുട്ടിയുടെ അഭിപ്രായം
പെട്ടന്ന് വർക്കിച്ചന്റെ ഭാര്യ മേരിക്കുട്ടിയുടെ മുഖം മുറിയുടെ ഭിത്തിയിൽ തെളിഞ്ഞു. മേരിക്കുട്ടി സ്വന്തം അമ്മയോട് സംസാരിക്കുകയാണ്.
മേരിക്കുട്ടി: “എന്റെ അമ്മച്ചീ! ഞാനീ മനുഷ്യനെക്കൊണ്ട് തോറ്റു. പ്രായമിത്രയുമായിട്ടും വകതിരിവ് എന്നൊരു സാധനം അയാൾക്കില്ല. മറ്റുള്ളവരുടെ മുമ്പിൽവച്ച് വെറുതെ ദേഷ്യപ്പെടും. അയാടെ അമ്മ പറയുന്നതാണ് അയാൾക്കു വേദവാക്യം. എന്നോട് ഒരിറ്റു സ്നേഹം ഇതുവരെ കാണിച്ചിട്ടില്ല. ഒരു തോർത്തുമുണ്ടുപോലും സന്തോഷമായി വാങ്ങിത്തന്നിട്ടില്ല. ഞാൻ പണ്ടേ, പറഞ്ഞതാണ് ഈ കല്യാണത്തിന് സമ്മതിക്കില്ലെന്ന്! എന്നേക്കാൾ ഏഴെട്ടുവയസ് കൂടുതലുള്ള ഇയാളെ എനിക്കു വേണ്ടെന്ന്! ഇനിയിപ്പോൾ വേറെ മാർഗമില്ലാത്തതുകൊണ്ട് ഞാനങ്ങു ക്ഷമിക്കുകയാണ്!”
ഭാര്യയുടെ വാക്കുകൾ കേട്ട വർക്കിച്ചൻ ഇടിവെട്ടിയപോലെ മാലാഖയെ തുറിച്ചുനോക്കി.
മകൾ ഏലിക്കുട്ടിയുടെ അഭിപ്രായം
പിന്നീട് മാലാഖ കാണിച്ചുകൊടുത്തത് വർക്കിച്ചന്റെ ഏകപുത്രി ഏലിക്കുട്ടി ഹോസ്റ്റലിൽനിന്ന് തന്റെ കാമുകന് ഫോൺ ചെയ്യുന്ന ചിത്രമാണ്.
ഏലിക്കുട്ടി കാമുകനോട് ഇപ്രകാരം പറയുകയാണ്: “എന്റെ പൊന്നുമോനേ! നമ്മൾ തമ്മിൽ പ്രേമത്തിലാണെന്ന് വീട്ടിൽ പറഞ്ഞിട്ടില്ല. എന്റെ മദറിനോട് പറയാം. പേടിക്കേണ്ട. പക്ഷേ, അപ്പനാണ് ഭീകരൻ. എന്നോടു വലിയ ഇഷ്ടമൊക്കെയാണെങ്കിലും നമുക്ക് സഹിക്കാൻ വയ്യാത്ത സ്വഭാവമാണ്. പിന്നെ, അപ്പനായിപ്പോയില്ലേ? നമുക്കൊരു കാര്യം ചെയ്യാം. രണ്ടുപേരെയും വെട്ടിച്ച് നേരേ കാനഡയ്ക്ക് പോകാം. ഇവിടെ നിന്നാൽ അമ്മച്ചിയും അപ്പനും നമ്മുടെ തലയിലാകും. മനസിന്റെ സമാധാനം വെറുതെ ഇല്ലാതാക്കേണ്ട!”
ഓമനപ്പുത്രിയുടെ പ്രേമവും മനോഭാവവും വെളിപ്പെട്ടതോടെ വർക്കിച്ചൻ വീണ്ടും ഫ്ലാറ്റായി. അദ്ദേഹം ദയനീയമായി മാലാഖയെ ഇളിച്ചുകാട്ടി.
കൂട്ടുകാരൻ തൊമ്മച്ചന്റെ അഭിപ്രായം
പിന്നീട് മാലാഖ ലൈവായി കാണിച്ചത് വർക്കിച്ചന്റെ ആത്മാർഥ സുഹൃത്തായ തൊമ്മച്ചന്റെ മുഖമാണ്.
തൊമ്മച്ചൻ, മറ്റൊരു കൂട്ടുകാരനോട് വർക്കിച്ചനെക്കുറിച്ച് പറയുകയാണ്.
തൊമ്മച്ചൻ: “എന്തു പറയാനാണ്! ഈ വർക്കിച്ചന് ഔചിത്യം എന്നൊന്നില്ല. എപ്പോഴും എന്നെ ഫോൺ വിളിച്ച് ഓരോന്നു പറഞ്ഞുകൊണ്ടിരിക്കും. വർത്തമാനം നിർത്തുകേല. എപ്പോഴും എന്തിനും എന്റെ സഹായം വേണം. എന്നാൽ, ഒരു പെരുന്നാളിനു പോയാൽ കട്ടൻകാപ്പിയുടെ കാശുപോലും നമ്മൾ മുടക്കണം. നല്ല കാശുകാരനാണെങ്കിലും അയാൾ ഉഗ്രൻ പിശുക്കനുമാണ്. നമ്മൾ അങ്ങേരെ സോപ്പിട്ടു നിന്ന് കടമാണെന്ന മട്ടിൽ കുറെ തുക മേടിച്ചെടുക്കണമെന്നാണ് എന്റെ ഭാര്യ പറയുന്നത്. എന്തായാലും ഞാൻ അയാളുടെ കൂടെ നിന്ന് കുറച്ചു കാശ് അടിച്ചെടുക്കും! ഇവന്റെയൊക്കെ കൂടെ നടക്കുന്നതിന് എന്തെങ്കിലും പ്രയോജനം വേണമല്ലോ.”
ഏറ്റവും വേണ്ടപ്പെട്ട കൂട്ടുകാരന്റെ ഈ വാക്കുകൾ കേട്ടപ്പോൾ വർക്കിച്ചന് ജീവിതംപോലും വേണ്ടെന്നായി.
പക്ഷേ, മാലാഖ വിടുമോ?
വർക്കിച്ചന്റെ അമ്മയെക്കൂടി ലൈവായി കാണിക്കാൻ സ്വർഗദൂതൻ തീരുമാനിച്ചു.
അമ്മ ഹൃദയം തുറക്കുന്നു
വർക്കിച്ചന്റെ മാതാവിന്റെ മുഖവും മാലാഖ ഭിത്തിയിൽ കാണിച്ചു.
വർക്കിച്ചന്റെ അമ്മ ഇപ്രകാരം പ്രാർഥിക്കുകയാണ്: “എന്റെ ദൈവമേ! നീ എന്റെ മകൻ വർക്കിച്ചനെ എന്നും കാത്തോളണേ! അവന്റെ ദുഷ്ടയായ പെമ്പ്രന്നോത്തിയുടെ തലയണമന്ത്രത്തിൽനിന്ന് അവനെ രക്ഷിച്ചോളണമേ! ബുദ്ധിമാനെന്നു നടിക്കുന്നുണ്ടെങ്കിലും അവൻ വെറുമൊരു മണ്ടനും പിടിപ്പില്ലാത്തവനുമാണെന്ന് നിനക്കറിയാമല്ലോ. ഒരു ശുദ്ധനായ അവൻ ദുഷ്ടന്റെ ഫലം ചെയ്യുന്നുണ്ടെങ്കിൽ നീ അവനോടു ക്ഷമിക്കേണമേ! ശിശുവിന്റെ മനസാണ് അവനുള്ളത്. ശിശുക്കൾക്ക് സ്വർഗരാജ്യം എന്നാണല്ലോ പറയുന്നത്. എന്റെ വർക്കിച്ചനും അതുകൊണ്ട് സ്വർഗരാജ്യം കൊടുക്കേണമേ!”
സുഖജീവിതത്തിന്റെ സൂത്രവാക്യം
സ്വന്തം അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വർക്കിച്ചന് കണ്ണുനിറഞ്ഞു. തോർത്തുകൊണ്ട് മുഖം തുടച്ച് അദ്ദേഹം മാലാഖയോട് മന്ത്രിച്ചു: “എന്റെ മാലാഖേ! എനിക്കിതൊന്നും കേൾക്കാൻ വയ്യ! ഞാൻ കരുതിയതുപോലെയല്ല പലരുടെയും ഉള്ളിലിരുപ്പ്. എനിക്ക് അതിപ്പോഴാണ് മനസിലായത്. ശരിക്കുപറഞ്ഞാൽ ഭാര്യയും മക്കളും പോലും കൂടെയില്ല! ഞാൻ ആത്മാർഥമായി ഇടപെട്ടാലും പെരുമാറിയാലും പലരും എന്നെ ശരിക്കു മനസിലാക്കുന്നില്ല. പിന്നെ, നെഞ്ചുകീറി കാണിക്കാൻ പറ്റുമോ?”
“വർക്കിച്ചൻ ശാന്തനായിട്ടിരിക്കണം. പാകത കാട്ടണം. കൊച്ചുകുട്ടികളെപ്പോലെ ദുഃഖിക്കരുത്.” -മാലാഖ വർക്കിച്ചന്റെ ശിരസിൽ തലോടി.
ആ മാന്ത്രികസ്പർശമേറ്റപ്പോൾ സങ്കടം സഹിക്കാനാകാതെ വർക്കിച്ചൻ കണ്ണു തുടച്ചു. എന്നിട്ട് ശോകസങ്കുലമായ ഒരു ആശാൻകവിത പാടി കണ്ണീർ പൊഴിച്ചു:
“തന്നതില്ല പരനുള്ളുകാട്ടുവാന്
ഒന്നുമേ നരനുപായമീശ്വരന്
ഇന്നു ഭാഷയതപൂര്ണമിങ്ങഹോ,
വന്നുപോം പിഴയുമര്ത്ഥശങ്കയാൽ!”
മാലാഖ ഇതുകേട്ട് ചിരിച്ചു: “ആർക്കും ആരെയും മുഴുവൻ മനസിലാക്കാനാവില്ല, വർക്കിച്ചാ! അതോർത്ത് വിഷമിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് സമാധാനത്തോടെ ജീവിക്കുകയും ലോകത്തെ സ്നേഹിക്കുകയും ചെയ്യുക. എന്നിട്ട് ധൈര്യമായിട്ടിരിക്കുക! രാത്രിയിൽ ഒരു കുഞ്ഞിനെപ്പോലെ സുഖമായി ഉറങ്ങുക! ഇതാണ് സുഖജീവിതത്തിന്റെ സൂത്രവാക്യം. ഇതൊക്കെ ഓർമിപ്പിക്കാനാണ് ഞാനിപ്പോൾ വന്നത്.”
വർക്കിച്ചൻ കാസേരയിൽനിന്നെഴുന്നേറ്റ് മാലാഖയെ വന്ദിച്ചു.
അപ്പോൾ മാലാഖ ചിറകുകൾ മെല്ലെ വിടർത്തിയിട്ടു പറഞ്ഞു:
“എനിക്ക് പോകാൻ സമയമായി. ഓകെ, ഗുഡ്ബൈ! ബീ എ ഗുഡ് ബോയ്!”
വർക്കിച്ചൻ നോക്കിനിൽക്കേ, ആ ദിവ്യരൂപം ജനാലയിലൂടെ ഒരു തുമ്പിയായി വെളിയിലേക്ക് പറന്നുപോയി.
ഏതോ ഒരു സ്വപ്നം
എന്തോ ശബ്ദം കേട്ട് വർക്കിച്ചൻ ഞെട്ടിയുണർന്നു.
ഭാര്യ ഏലിക്കുട്ടി മരുന്നുമായി വന്നതാണ്.
അപ്പോൾ മാലാഖ എവിടെ?
വർക്കിച്ചന്റെ ഇരുപ്പു കണ്ട് മേരിക്കുട്ടിക്ക് ദേഷ്യം വന്നു.
“നിങ്ങളെന്താണ് നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെയിരിക്കുന്നത്? ഞാനറിയാതെ ഫ്രിഡ്ജിലുള്ളതു വല്ലതും വെള്ളം തൊടാതെ വിഴുങ്ങിയോ?”
“മാലാഖ!” -എന്നു മാത്രം അതിനുത്തരമായി വർക്കിച്ചൻ മെല്ലെ ശബ്ദിച്ചു.
ആകാശത്തേക്കു കണ്ണുകളയച്ച് പിറുപിറുക്കുന്ന വർക്കിച്ചനെ മേരിക്കുട്ടി സംശയത്തോടെ മിഴിച്ചുനോക്കി.
([email protected])