ചെങ്ങന്നൂർ: ശബരിമല യുവതീ പ്രവേശന സമരകാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേ താൻ നടത്തിയ സുവർണാവസരം - എന്ന പരാമർശത്തിൽ സർക്കാർ ചുമത്തിയ കേസ് ആറു വർഷത്തിനുശേഷം ഹൈക്കോടതി റദ്ദാക്കി.
നിയമപോരാട്ടത്തിനൊടുവിൽ തനിക്ക് അനുകൂലമായി വിധി വന്നുവെന്നും കേസ് രാഷ്ട്രീയമായി വിവിധ പാർട്ടികൾക്ക് ഗുണകരമായെന്നും അഡ്വ.പി.എസ്. ശ്രീധരൻപിള്ള. താൻ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും മാതാവ് പി. ഭവാനിയമ്മയുടെ 95-ാം ജന്മദിനാഘോഷവും പ്രമാണിച്ച് നടന്ന സമ്മേളത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരേ സർക്കാർ എടുത്ത കേസ് വെറുതേവിട്ട വിധി വിവിധ രാഷ്ട്രീയ കക്ഷികൾക്ക് നേട്ടമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ടെന്ന തുറന്നുപറച്ചിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെക്കുറിച്ച് നടത്തിയ -കുന്തം കുടച്ചക്രം- എന്ന വിവാദ പരാമർശവും താൻ നടത്തിയ പരാമർശവും ഒരേ വഴിക്കാണ് നീങ്ങിയതെന്നും സമാനമായ രീതിയിലാണ് അവ അവസാനിച്ചതെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. രണ്ട് സംഭവങ്ങളും നിയമപരിശോധനയ്ക്ക് വിധേയമായ ശേഷം നീതിപീഠത്തിന്റെ ഇടപെടലിന് വഴിവച്ചെന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.