Kerala
കൊച്ചി: അണ്എയ്ഡഡ് സ്കൂള്സ് പ്രൊട്ടക്ഷന് കൗണ്സിലിന്റെ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും ‘ശിക്ഷ സംവാദ് 2026’ 21നും 22നും കലൂര് ഗോകുലം പാര്ക്കില് നടക്കും.സ്കൂള് മാനേജര്മാര്, പ്രിന്സിപ്പല്മാര്, അഡ്മിനിസ്ട്രേറ്റര്മാര് തുടങ്ങിയവര് പങ്കെടുക്കും. 21ന് രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ് ദേശീയ സെമിനാറും 22ന് രാവിലെ പത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില് സ്റ്റുഡന്റ്സ് എക്സലന്സ് അവാര്ഡ്, ഔട്ട്സ്റ്റാൻഡിംഗ് പ്രിന്സിപ്പല് അവാര്ഡ്, ഔട്ട് സ്റ്റാൻഡിംഗ് ടീച്ചര് അവാര്ഡ്, ഔട്ട് സ്റ്റാൻഡിംഗ് സ്കൂള് മാനേജര് അവാര്ഡ് തുടങ്ങിയവ സമ്മാനിക്കും.
സെമിനാറുകള്, പാനല് ചര്ച്ചകള്, വിവിധ പ്രതിസന്ധികള് പരിഹരിക്കാനുള്ള മാര്ഗങ്ങള് തേടുന്നതിനോടൊപ്പം സ്കൂളുകളും ഉന്നതവിദ്യാഭ്യാസ രംഗവും തമ്മിലുള്ള വിടവ് നികത്താനാവശ്യമായ നടപടികളും സ്കൂള് നടത്തിപ്പുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഉള്പ്പടെയുള്ളവ സമ്മേളനം ചര്ച്ച ചെയ്യും.രജിസ്ട്രേഷന് https://uspcshikshasamvad.webschoolgj.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ വിഷയം ചർച്ചയായെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ പുതിയ തീരുമാനമൊന്നുമില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇന്നലെ വ്യക്തമാക്കിയത്.ഡൽഹിയിൽ മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ചർച്ചകളെക്കുറിച്ച് തനിക്ക് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും അറിയില്ലെന്നും മന്ത്രി പഞ്ഞു.
യുഡിഎഫ് സർക്കാർ വന്ന ശേഷം പിഎം ശ്രീ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പലവട്ടം സമിതി യോഗം ചേർന്നു. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
പിഎം ശ്രീയിൽ നിന്നു പൂർണമായും പിൻമാറാൻ കഴിയില്ലെന്ന സൂചനകൾ മുഖ്യമന്ത്രി വി.ഡി. സതീശൻതന്നെ നേരത്തെ നൽകിയിരുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീയെ സിപിഐ രൂക്ഷമായി എതിർത്തതോടെ തത്കാലം മരവിപ്പിക്കുകയായിരുന്നു.
Tech
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. മേയർ സോഹ്റാൻ മംദാനിയാണ് തങ്ങളുടെ പബ്ലിക് സ്കൂളുകളിൽ നിർമ്മിത ബുദ്ധിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
കുട്ടികൾ വളരുന്നതിനും പഠിക്കുന്നതിനും അധ്യാപകരുടെ സാന്നിധ്യവും പരസ്പരമുള്ള മാനുഷിക ബന്ധങ്ങളുമാണ് ആവശ്യമെന്ന് വാർത്താക്കുറിപ്പിൽ മേയർ ചൂണ്ടിക്കാട്ടി. പുതിയ നയത്തിന്റെ ഭാഗമായി എഐ ട്യൂട്ടറുകൾ, ചാറ്റ്ജിപിറ്റി, ക്ലോഡ് തുടങ്ങിയ ചാറ്റ്ബോട്ടുകൾ ഉൾപ്പെടെയുള്ള 38ലധികം സോഫ്റ്റ്വെയറുകൾക്ക് നിരോധനം ബാധകമാകും. ഇത് വഴി ഏകദേശം ആറ് ലക്ഷത്തോളം വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കും.
എങ്കിലും ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിമിതമായ തോതിൽ എഐ സാങ്കേതികവിദ്യ പരിചയപ്പെടാൻ അവസരം നൽകും. പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക പൈലറ്റ് പ്രോഗ്രാമുകളിലൂടെ അഞ്ച് ശതമാനം ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ പഠനവിധേയമാക്കാം. കൂടാതെ എഐയുടെ ഗുണദോഷങ്ങളെയും ധാർമ്മിക വശങ്ങളെയും കുറിച്ച് എല്ലാ ഹൈസ്കൂൾ വിദ്യാർഥികൾക്കും പ്രത്യേക പരിശീലനവും നൽകും.
സ്ക്രീൻ ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും മൂന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ദിവസവും 30 മുതൽ 45 മിനിറ്റ് വരെ മാത്രം സ്ക്രീൻ ടൈം നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: പുറത്തുനിന്നുള്ളവരും യുട്യൂബർമാരും സർക്കാർ സ്കൂളുകളിലേക്കു പ്രവേശിക്കുന്നതു നിരോധിച്ച് ഉത്തർപ്രദേശ്. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ സമൂഹമാധ്യമങ്ങളിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ തുറന്നുകാട്ടുന്നതിനിടയിലാണ് യുട്യൂബർമാർ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് യുപിയിലെ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സ്കൂളുകളിലെത്തി വീഡിയോകൾ റിപ്പോർട്ട് ചെയ്യുന്നത് പഠനത്തെ തടസപ്പെടുത്തുവെന്നും അധ്യാപന തൊഴിലിന്റെ അന്തസിനെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് അയോധ്യയിലെ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അയോധ്യ ബേസിക് എഡ്യുക്കേഷൻ ഓഫീസറുടെ ഉത്തരവിൽ പറയുന്നത്. യുപിയിലെ അസംഗഡ്, ബല്ലിയ, ബസ്തി, ബൽറാംപുർ, ഷംലി, ആഗ്ര തുടങ്ങിയ സ്കൂളിലേക്കും പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഇതിനോടകമുണ്ട്.
പുറത്തുനിന്നുള്ളവർ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കരുതെന്ന് കഴിഞ്ഞദിവസം രാജസ്ഥാൻ സർക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥകൾക്കു പരിഹാരം കണ്ടെത്താനായി സ്വാതന്ത്ര്യദിനത്തിൽ സിജെപി ആരംഭിച്ച സ്കൂൾ ഠീക് കരോ കാമ്പയിൻ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും നിരവധി സർക്കാർ സ്കൂളുകളിൽ മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾപ്പോലും നിലവിലില്ലാത്തത് സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
യുപിയിലെ നിരവധി സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളാകട്ടെ സ്കൂളുകളിലെ മോശം ഭക്ഷണനിലവാരത്തിനെതിരേയും കുടിവെള്ള പ്രശ്നങ്ങൾക്കെതിരേയും തെരുവുകളിൽ സമരത്തിനിറങ്ങുകയുമാണ്. യുപിയിലെ ലക്നോയിലും ഹസൻഗഞ്ജിലും കന്നൗജിലും ഹാമിർപുരിലുമെല്ലാം നൂറുകണക്കിനു വിദ്യാർഥികളാണ് സ്കൂളുകളിലെ മോശം അവസ്ഥകൾക്കെതിരേ പ്രതിഷേധിക്കാൻ ക്ലാസ്റൂമുകൾ ബഹിഷ്കരിച്ചത്.
District News
കൽപ്പറ്റ: ജില്ലയിലെ മലയാളം മീഡിയം വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകർക്കായി സംഘടിപ്പിച്ചദ്വിദിന എംപവർമെന്റ് പ്രോഗ്രാം സമാപിച്ചു.
ഡയറ്റ് ഹാളിൽ നടന്ന പരിപാടി എൻസിഇആർടി എക്സ്റ്റൻഷൻ എഡ്യുക്കേഷൻ വിഭാഗത്തിലെ പ്രഫ. ഷാജി ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് വയനാട് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇഎൽഇപി പരിശീലന മൊഡ്യൂൾ എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ. നിസാറിൽ നിന്ന് മൈസൂരു റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ പ്രഫ. ബി. പ്രസാദ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ജില്ലയിലെ ഒന്പത് സർക്കാർ പ്രൈമറി സ്കൂളുകളിലെ അഞ്ച്,ആറ് ക്ലാസുകളിലെ മലയാളം മീഡിയം വിദ്യാർഥികളിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള ശേഷി വളർത്തുന്നതിന് പ്രവർത്തനാധിഷ്ഠിതവും ആശയ വിനിമയാധിഷ്ഠിതവുമായ ഭാഷാപ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം നേടിയ റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ.
കുട്ടികൾക്ക് ഇംഗ്ലീഷ് സ്വാഭാവികമായി ഉപയോഗിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ഫലപ്രദമായ ഭാഷാപഠനബോധന രീതികളിലും അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകി. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി. ഷിജിത, ഡയറ്റ് വയനാട് ലക്ചറർ പി. സജ്ന എന്നിവർ പ്രസഗിച്ചു.
Kerala
കളമശേരി: സ്കൂൾ വിദ്യാർഥികൾക്കായുള്ള കതിർ കാർഷിക ക്ലബ്ബുകളിൽ സജീവമായി പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
കതിർ കാർഷിക ക്ലബ്ബുകളുടെ ഭാഗമായി കതിർ സഞ്ചാരം എന്നപേരിൽ കാർഷിക പഠനയാത്രകളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെടുത്തി കതിർ മാർക്കറ്റുകളും സംഘടിപ്പിക്കും.
വനിതാ കർഷകരെ ഉത്പാദനം മുതൽ വിപണനം വരെ ശക്തിപ്പെടുത്തുന്നതിനായി അഞ്ചുവർഷ ദൈർഘ്യമുള്ള കൃഷിസഖി, പ്രളയബാധിതർക്കായുള്ള പ്രത്യേക പുനർനടീൽ പദ്ധതി, സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ആദിത്യന് പുതിയ വീട് , ഹോർട്ടികോർപ് കുടിശിക തീർപ്പാക്കൽ എന്നീ പദ്ധതികൾ നടപ്പാക്കും.
പ്രളയബാധിത കർഷകർക്ക് ആവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ, വളം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനും പുനർനടീൽ വേഗത്തിലാക്കുന്നതിനുമായി സംസ്ഥാനതലത്തിൽ ക്രോപ് ലോസ് അസസ്മെന്റും റീപ്ലാന്റിംഗ് സ്പെഷൽ ഡ്രൈവും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ നടപടി. കനത്ത മഴ സാധ്യതയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ജാഗ്രത തുടരാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എ.പി.അനിൽകുമാർ കളക്ടർമാർക്കു നിർദേശം നൽകി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സർക്കാർ നിർദേശങ്ങൾ പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങളിലേക്കും നദീതീരങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
National
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നല്കുന്നതു തമിഴ്നാട് സർക്കാരിന്റെ പരിഗണനയിൽ.തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി മെനു പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ പിഎം പോഷൺ (ഉച്ചഭക്ഷണം)പദ്ധതിക്കു കീഴിൽ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും ആഴ്ചയിൽ അഞ്ചു ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്.
Kerala
കൊച്ചി: ഫുട്ബോള് ആവേശത്തിന്റെ അലയൊലികള് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അലയടിക്കുമ്പോള് ലോകകപ്പ് ഫൈനല് പോരാട്ടത്തിനരികെയാണ്. അര്ജന്റീനയും സ്പെയിനും തമ്മിലുള്ള വിസ്മയകരമായ ഫൈനല് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന് രാജ്യം മുഴുവന് കാത്തിരിക്കുകയാണ്.
സ്വന്തമായി ഒരു ടീം ലോകകപ്പിന്റെ ഭാഗമല്ലെങ്കിലും ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന മലയാളികള്ക്ക് ഇതൊരു ഉത്സവകാലം തന്നെയാണ്. നീണ്ട കാത്തിരിപ്പിനൊടുവില് എത്തുന്ന ഈ ഫൈനല് വിരുന്നിനെ അതിശയിപ്പിക്കുന്ന ആവേശത്തോടെയാണ് കൊച്ചിയും പരിസരപ്രദേശങ്ങളും വരവേല്ക്കുന്നത്.
ഫുട്ബോള് ഭ്രമം കേവലം മുതിര്ന്നവരില് മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. കുട്ടികളുടെ ആവേശം തിരിച്ചറിഞ്ഞുകൊണ്ട് കൊച്ചിയിലെ പല പ്രമുഖ സ്കൂളുകളും മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനല് മത്സരം ആസ്വദിച്ച ശേഷം കുട്ടികള്ക്ക് സുഖമായി ഉറങ്ങാനും കൂടുതല് ഉന്മേഷത്തോടെ സ്കൂളിലെത്താനും അവസരമൊരുക്കി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സ്കൂള് അധികൃതര്.
കൊച്ചി ഗ്രിഗോറിയന് പബ്ലിക് സ്കൂള്, മൂവാറ്റുപുഴ സെന്റ് തോമസ് സ്കൂള് തുടങ്ങിയ വിദ്യാലയങ്ങള് ഇതിനകം തന്നെ ഈ സന്തോഷ വാര്ത്ത കുട്ടികളുമായി പങ്കുവച്ചു കഴിഞ്ഞു. ലോകകപ്പിന്റെ ആവേശം മലയാളികളുടെ സിരകളില് എങ്ങനെയാണ് ഒഴുകുന്നതെന്ന് ഈ തീരുമാനങ്ങളിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഇന്ത്യന് ആരാധകരുടെ അഭിനിവേശം എത്ര വലുതാണെന്ന് ഈ ഫൈനല് ദിനം ലോകത്തിന് മുന്നില് തുറന്നുകാട്ടപ്പെടും. നാലു വര്ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ലോകകപ്പിന്റെ വിസില് മുഴങ്ങുമ്പോള്, സ്കൂള് ബെല്ലുകള്ക്ക് പകരം ആവേശം നിറയുന്ന ആര്പ്പുവിളികള്ക്കായിരിക്കും കൊച്ചി സാക്ഷ്യം വഹിക്കുക.
Kerala
തിരുവനന്തപുരം: കുട്ടികളിൽ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളിൽ ഫലവൃക്ഷ സംസ്കാരം വളർത്തുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കനിപ്പന്തൽ - ഇനി വിദ്യാലയങ്ങളിലും’പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വയനാട് കൽപ്പറ്റയിലെ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 2,921 തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലായി പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കും. ഓരോ ജില്ലയിലും ശരാശരി 300 യൂണിറ്റുകൾ വീതം സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ട്.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.
വെള്ളിയാഴ്ച ജില്ലയിൽ യെല്ലോ അലര്ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
District News
തൊടുപുഴ: സ്കൂളുകള് തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഫിറ്റ്നസ് പരിശോധന ജില്ലയില് തുടരുന്നു. ജൂണ് ഒന്നിനുതന്നെ സ്കൂള് തുറക്കാന് തീരുമാനിച്ചിരിക്കുന്നതിനാല് അതിനു മുമ്പുതന്നെ ഫിറ്റ്നസ് പരിശോധന പൂര്ത്തിയാക്കി എന്ഒസി ലഭിക്കാനുള്ള തയാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങളും സ്കൂള് അധികൃതരും. തദ്ദേശ വകുപ്പ് എന്ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്കൂള് കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന നടത്തുന്നത്. ഇതിനു പുറമേ കെഎസ്ഇബി, വനംവകുപ്പ്, പോലീസ് എന്നിവരും പരിശോധനയുടെ ഭാഗമാകും.
ജില്ലയിലാകെ സര്ക്കാര്, എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലായി 484 സ്കൂളുകളാണുള്ളത്. വിദ്യാലയങ്ങള് പ്രവര്ത്തിക്കുന്ന കെട്ടിടങ്ങളുടെ ക്ഷമത പരിശോധന തുടര്ന്നു വരികയാണ്. കാലഹരണപ്പെട്ടതും അപകടകരമായ നിലയിലുള്ളതുമായ കെട്ടിടങ്ങളില് കുട്ടികളെ പ്രവേശിപ്പിക്കില്ല.
തകരാറിലായ കെട്ടിടങ്ങള് പൊളിച്ചുനീക്കണം. നിര്മാണപ്രവര്ത്തനം നടക്കുന്ന സ്കൂളുകളില് കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി ഇവിടം മറച്ചുകെട്ടുകയും ഇവിടേയ്ക്ക് വിദ്യാര്ഥികള് പ്രവേശിക്കാതിരിക്കാന് ബോര്ഡ് സ്ഥാപിക്കുകയും ചെയ്യണം.
പരിശോധന പൂര്ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളില്നിന്നുള്ള ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് വാങ്ങി കെ.സ്മാര്ട്ട് വഴി അപ്ലോഡ് ചെയ്താല് മാത്രമേ സ്കൂള് തുറക്കാന് അനുമതി നല്കൂ. ഇത്തവണ ഒരു സ്കൂളും ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പില് സമര്പ്പിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര് ടി.ആര്. ഗീത പറഞ്ഞു. എല്ലാ വര്ഷവും സ്കൂള് കെട്ടിടങ്ങള് പരിശോധന നടത്തി എന്ഒസി വാങ്ങണമെന്നാണ് നിര്ദേശം. സുരക്ഷാമാനദണ്ഡങ്ങള് പാലിക്കാത്ത സ്കൂളുകള്ക്കെതിരേ കര്ശന നടപടിയുണ്ടാകും.
കെട്ടിടങ്ങളുടെ പരിശോധനയ്ക്കു പുറമേ പരിസര ശുചീകരണവും നിര്ബന്ധമാക്കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി പരിസരങ്ങളിലെ കാടുകളും കുറ്റിച്ചെടികളും വെട്ടിനീക്കും. ഇഴജന്തുക്കള് കയറാന് സാധ്യതയുള്ള ഇടങ്ങള് സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്നും ഉറപ്പാക്കണം. സ്കൂളുകളുടെ സമീപം അപകടകരമായ രീതിയില് വൈദ്യുതി ലൈനുകള് കടന്നുപോകുന്നില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതരും പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണം.
ട്രാഫിക് പോലീസിന്റെ സഹായത്തോടെ സ്കൂളുകൾക്കു മുന്നില് മുന്നറിയിപ്പു ബോര്ഡുകള്, ട്രാഫിക് സൈന് ബോര്ഡുകള് എന്നിവ സ്ഥാപിക്കണം. വീട്ടില്നിന്നു സ്കൂളിലേയ്ക്കും തിരികെയും വിദ്യാര്ഥികള് സഞ്ചരിക്കുമ്പോള് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യ വാഹനങ്ങള്, പൊതുവാഹനങ്ങള്, സ്കൂള് വാഹനങ്ങള് എന്നിവയില് സഞ്ചരിക്കുന്ന വിദ്യാര്ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള് സ്വീകരിക്കണം.
സ്കൂളിന് സമീപം റോഡിന് ഇരുവശവും ഹമ്പുകള്, സ്പീഡ് ബ്രേക്കറുകള് എന്നിവയും ക്രമീകരിക്കണം. ബസ് യാത്രയില് കുട്ടികളെ കൃത്യമായ സ്റ്റോപ്പുകളില് ഇറക്കുന്നതിനും കയറ്റുന്നതിനും ആവശ്യമായ ക്രമീകരണം ഒരുക്കണം. സ്കൂള് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മോട്ടോര് വാഹന വകുപ്പും പൂര്ത്തിയാക്കിയിട്ടുണ്ട്.
സ്കൂള് തുറക്കുന്ന ദിവസംതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിക്കും. സ്കൂള് അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള് എന്നിവ അണുവിമുക്തമാക്കണം. പാചകത്തൊഴിലാളികള്ക്ക് ഹെല്ത്ത് കാര്ഡ് ഉറപ്പാക്കണമെന്നും നിര്ദേശമുണ്ട്. ജൂണ് ഒന്നിന് ശാന്തിഗ്രാം ഗവ. ഇംഗ്ലീഷ് മീഡിയം ഹയര് സെക്കന്ഡറി സ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
District News
ഒല്ലൂർ: സെന്റ് മേരീസ് കോൺവന്റ് എൽപി സ്കൂളിൽ സുരക്ഷാ പദ്ധതി ഉദ്ഘാടനം നടത്തി. ഒല്ലൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീധർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പോളി ജോസ് അധ്യക്ഷത വഹിച്ചു.
ടി.വി. സണ്ണി, വിപിൻ, സജി ജോൺ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രമ്യ റോസ് സ്വാഗതാവും പിടിഎ പ്രസിഡന്റ് വിപിൻ നന്ദിയും പറഞ്ഞു.
ചേലക്കര: ഗവ. എൽപി സ്കൂളിൽ സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേർന്നു. പ്രധാനാധ്യാപിക യു.കെ. ലൈല അധ്യക്ഷത വഹിച്ച യോഗത്തിൽ ചേലക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. നന്ദകുമാർ, വാർഡ് മെമ്പർ പ്രിയ ബാലാജി എന്നിവർ പങ്കെടുത്തു.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേലക്കര പോലീസ് സ്റ്റേഷൻ എഎസ്ഐ പി.എൻ. രത്നകുമാരി, സിപിഒ റോജൻ വൈ എന്നിവരും വനം വകുപ്പിനെ പ്രതിനിധീകരിച്ച് എസ്എഫ്ഒ എസ്. ഗോപാലകൃഷ്ണൻ, കെഎസ്ഇബിയിൽ നിന്ന് സെക്ഷൻ എൻജിനീയർ കെ. രാഹുലും എത്തിയിരുന്നു.
തോന്നൂർക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ. രാജി, ആഷിക രാജ് എന്നിവർ ആരോഗ്യ സുരക്ഷയെക്കുറിച്ച് സംസാരിച്ചു. പിടിഎ പ്രസിഡന്റ് എം.കെ. വിജയൻ, വൈസ് പ്രസിഡന്റ് സുനിൽ തെക്കേതിൽ, സുരക്ഷാ ചാർജ് ഉള്ള അധ്യാപകരായ വി. മുഹമ്മദ് റിയാസ്, മിനി തോമസ്, സി. അശ്വതി, കെ.ആർ. മഞ്ജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായസഹകരണങ്ങളും യോഗത്തിൽ ഉറപ്പുനൽകി.
Kerala
തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന ജൂണ് ഒന്നിനു മുൻപു സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഉടനടി നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്നു പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചു.
ഇതിനകം 65 ശതമാനം പാഠപുസ്തകം കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണ്. എയ്ഡഡ് സ്കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ അനുമതി ലഭിച്ച ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സമയപരിധി പരിഗണിച്ചു നിർബന്ധ സുരക്ഷാ മാനദണ്ഡങ്ങൾക്കു മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
അടുത്ത രണ്ട് ആഴ്ച സ്കൂളുകളുടെ തയാറെടുപ്പുകൾ കളക്ടർമാർ നിരീക്ഷിക്കണം.
എൽപിജി ഉപയോഗവും പൈപ്പ്ഡ് നാച്വറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ ജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.
കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.
കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
National
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.
വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
National
ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഒൻപത് സ്കൂളുകളിലെ ഇമെയിലിലാണ് സന്ദേശമെത്തിയത്.
ഡൽഹി കന്റോൺമെന്റിലെ ലോറെറ്റോ കോൺവെന്റ് സ്കൂൾ, ശ്രീനിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്കൂൾ, രോഹിണിയിലെ വെങ്കടേശ്വർ സ്കൂൾ, സിഎം സ്കൂൾ, ബാൽ ഭാരതി സ്കൂൾ, ന്യൂ ഫ്രണ്ട്സ് കോളനിയിലെ കേംബ്രിഡ്ജ് സ്കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്കൂൾ, ഡിറ്റിഎ സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സന്ദേശം ലഭിച്ചത്.
മറ്റ് ചില സ്കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഭീഷണിയുടെ ഉത്തരവാദിത്വം പഞ്ചാബ് ഖലിസ്ഥാൻ ഏറ്റെടുത്തു. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്കായാണ് ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിലുണ്ട്. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:11 ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നും ഇമെയിലിൽ പറയുന്നു.
District News
നെല്ലങ്കര കാൽഡിയൻ സ്കൂൾ
നെല്ലങ്കര: കാൽഡിയൻ സിറിയൻ ചർച്ച് സ്കൂളിലെ ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് ചികിത്സയ്ക്കായി പതിനായിരം രൂപ നെല്ലങ്കര മാർ തിമോത്തിയോസ് ചാരിറ്റബിൾ ഹോസ്പിറ്റലിനു കൈമാറി. കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഒൗഗിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കോർപറേറ്റ് മാനേജർ സിസ്റ്റർ ഡോ. ഒ.യു. ജിൻസി ശതാബ്ദി സുവനീർ പ്രകാശനം ചെയ്തു. ഡിവിഷൻ കൗണ്സിലർ ജീസ് ജോർജ് ബലൂണുകൾ പറത്തി സന്തോഷംപങ്കിട്ടു. അബി ജെ. പൊൻമനിശേരി, ഗിഫ്റ്റ്സണ് കെ. ജോസഫ്, പ്രിൻസി ഐസക്, തിമോത്തി വടക്കൻ, സ്കൂൾ ലീഡർ എ.ജെ. ജുവൽമേരി, പിടിഎ പ്രസിഡന്റ് ജിബി ഫ്രാൻസിസ്, സ്കൂൾ ഹെഡ്മിസ്ട്രസ് വി.ജി. റീന, സീനിയർ സ്റ്റാഫ് അസിസ്റ്റന്റ് കെ. പ്രിൻസി ജോണ് എന്നിവർ പ്രസംഗിച്ചു.
വെന്മേനാട് സെന്റ് ലൂയിസ് എൽപി സ്കൂൾ
വെന്മേനാട്: സെന്റ് ലൂയിസ് എൽപി സ്കൂളിന്റെ 122ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.എഫ്. ജയ്സൺ മാസ്റ്റർക്കുള്ള യാത്രയയപ്പും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി ചെമ്പകശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലെമന്റ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
വിരമിക്കുന്ന പ്രധാന അധ്യാപകൻ സി.എഫ്. ജെയ്സൺ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോയ് അടമ്പുകുളം നിർവഹിച്ചു.
പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ആന്റോ ലിജോ മുഖ്യപ്രഭാഷണം നടത്തി. മുല്ലശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ സമ്മാനദാനം നടത്തി. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ ഹാരിസ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബ് ഇബ്രാഹിം, മാനേജിംഗ് ട്രസ്റ്റി ജയ്സൺ വടുക്കൂട്ട്, പിടിഎ പ്രസിഡന്റ് അഞ്ജന പ്രേംജിത്ത്, റിട്ടയേഡ് അധ്യാപിക റോസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി വിൻസി ടീച്ചർ, സ്കൂൾ ലീഡർ കെ.പി. നൈനിക, ഫസ്റ്റ് അസിസ്റ്റന്റ് ജിനി, സൗമ്യ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ സി എഫ് ജയ്സൺ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
ആറ്റുപുറം സെന്റ്് ആന്റ്ണിസ് എൽപി സ്കൂൾ
പുന്നയൂർക്കുളം: ആറ്റുപുറം സെന്റ്് ആന്റണിസ് എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ഡെന്നീസ് മാറോക്കി അധ്യക്ഷത വഹിച്ചു. വി.കെ. സോഫി റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു സമ്മാനദാനം നടത്തി. വിരമിക്കുന്ന യുകെജി അധ്യാപിക ആനി ജോസിന് യാത്രയയപ്പും ഉപഹാരവും നൽകി.
പ്രധാനധ്യാപിക മഞ്ജു ആന്റണി, പഞ്ചായത്ത് മെമ്പർ നിഷിത ബാബു, ട്രസ്റ്റി സി.വി. ജേക്കബ്, പിടിഎ പ്രസിഡന്റ് ദിനേഷ് ജി നായർ, എംപിടിഎ പ്രസിഡന്റ് രഹന രാജീവ്, സ്റ്റാഫ് പ്രതിനിധി കെ.എഫ്. ലീന, ലീഡർ കെ. എസ്. കിഷാൻ, എൻ.കെ. ഷാജി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
പുറ്റേക്കര സെന്റ് മേരീസ് എൽപി സ്കൂൾ
പുറ്റേക്കര: സെന്റ് മേരീസ് എൽപി സ്കൂൾ വാർഷികവും സേവനത്തിൽനിന്നും വിരമിക്കുന്ന സിറ്റർ റിനി മരിയ, എം.ജെ. ഷീന എന്നിവർക്കുള്ള യാത്രയയപ്പും ആഘോഷിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോൺസി മരിയ, മുൻ എംപി രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രമണ്യൻ, വികാരി ഫാ. ബാബു അപ്പാടൻ, ബ്ലോക്ക് മെമ്പർ എൻ.കെ. രാജു, വാർഡ് മെമ്പർ മേരി പോൾസൺ, പിടിഎ പ്രസിഡന്റ് എം.ജെ. സിജോ, എംപിടിഎ പ്രസിഡന്റ് ഫർസാന റഫീഖ്, പ്രധാനാധ്യാപിക സിസ്റ്റർ ആൻസിറ്റ റോസ്, സ്കൂൾ ലീഡർ ആരാധ്യ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും വിദ്യാർഥിനികൾക്കു ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. സ്കൂളിന്റെ ശുചിമുറിയുടെ സമീപം സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വഴി കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിൽ ഇതു സജ്ജീകരിക്കണം. അതിനു സാധ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്ററി പാഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ ആവശ്യമായ ക്രമീകരണം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ആർത്തവ ശുചിത്വത്തിനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയുടെ 21-ാം അനുഛേദ പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
ആർത്തവ ശുചിത്വം ഔദാര്യമല്ല. ജീവിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിൽനിന്ന് ഉളവാകുന്ന ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ കോടതി, നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാരായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി. ആർത്തവസമയത്ത് അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും അതുമായി ബന്ധപ്പെട്ട് നേരിടുന്ന അപമാനവുമൊക്കെ സ്വകാര്യതയെ മാത്രമല്ല പെണ്കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആർത്തവസമയമായതിനാൽ ജോലിക്കെത്താൻ കഴിയില്ലെന്ന് അറിയിച്ച ശുചീകരണ തൊഴിലാളികളായ രണ്ടു സ്ത്രീകളോട് അതിനു തെളിവായി ധരിച്ചിരിക്കുന്ന പാഡിന്റെ ഫോട്ടോ വാട്സാപ്പിൽ അയയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം പ്രതിഷേധത്തിനു കാരണമായിരുന്നു. ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലെ ഈ സംഭവമാണ് കേസിന് അടിസ്ഥാനം.
District News
മൂര്ക്കനാട്സെന്റ്് ആന്റണീസ് എച്ച്എസ്എസ്
മൂര്ക്കനാട്: സെന്റ്് ആന്റണീസ് ഹയര് സെക്കന്ഡറി സ്കൂളിന്റെ വാര്ഷികാഘോഷം ഇരിക്കാലക്കുട രൂപത വികാരി ജനറാള് മോണ് വില്സണ് ഈരത്തറ ഉദ്ഘാടനം ചെയ്തു. രൂപത കോര്പ്പറേറ്റ് മാനേജര് ഫാ. സിജോ ഇരിമ്പന് മുഖ്യപ്രഭാഷണം നടത്തി. സ്കൂള് മാനേജര് ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു.
പ്രിന്സിപ്പല് കെ.എ. വര്ഗീസ്്, ഇരിങ്ങാലക്കുട മുന്സിപ്പല് വൈസ് ചെയര്പേഴ്സണ് ചിന്ത ധര്മരാജന് മുഖ്യാതിഥിയായി. വാര്ഡ് കൗണ്സിലര് വിഷ്ണു പ്രഭാകരന്, സ്കൂള് പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, കരാഞ്ചിറ ഹൈസ്കൂള് പ്രധാനധ്യാപിക ഹീര ഫ്രാന്സീസ് ആലപ്പാട്ട്, സെന്റ് ആന്റണീസ് എല്പി സ്കൂള് പ്രധാനധ്യാപിക കെ.ഐ. റീന, ട്രസ്റ്റി സി.വി. പോളി, മാനേജ്മെന്റ്് കമ്മിറ്റി കണ്വീനര് എം.എസ്. ബെഞ്ചമിന്, പിടിഎ പ്രസിഡന്റുമാരായ ഷീജ സന്തോഷ്, യു.എച്ച.് ഷാജഹാന്, ഒഎസ്എ പ്രസിഡന്റ് പോള് തേറുപറമ്പില്, സീനിയര് ടീച്ചര്മാരായ ടി.ജെ. ജാന്സി, കെ.പി. ലിറ്റി, സ്കൂള് ലീഡര്മാരായ ലിനറ്റ് ലിജോമോന്, ഫാത്തിമാതു, പി.എ. ഫിഥാ, സ്റ്റാഫ് സെക്രട്ടറിമാരായ ആശ ജി. കിഴക്കേടത്ത്, എം.എല്. ഷാലിനി, ഈ വര്ഷം വിരമിക്കുന്ന ബിന്ദു തോമാസ് എന്നിവര് സംസാരിച്ചു.
മുകുന്ദപുരം പബ്ലിക് സ്കൂൾ
നടവരമ്പ്: ലഹരി വിമുക്ത സന്ദേശത്തോടെ സംഘടിപ്പിച്ച മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്ഷികാഘോഷം കെഎഫ്ആര്ഐ ചീഫ് സയന്റിസ്റ്റ് ടി.വി. സജീവ് ഉദ്ഘാടനം ചെയ്തു.
മണപ്പുറം എജ്യുക്കേഷന് കള്ചറല് സൊസൈറ്റി പ്രസിഡന്റ്് വി.പി. നന്ദകുമാര് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ജിജി കൃഷ്ണ, വൈസ് പ്രിന്സിപ്പല് ആശ വര്ഗീസ്, ഫിഡല് രാജ്, ജോ പോള് അഞ്ചേരി, ഡാവിഞ്ചി സുരേഷ്, വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന്, വാര്ഡംഗം രേണുക സജി, പിടിഎ പ്രസിഡന്റ് വിനോദ് മേനോന് എന്നിവര് പ്രസംഗിച്ചു.
വാലുങ്ങാമുറി ഹെെരാർക്കി മെമ്മോറിയൽ സ്കൂൾ
കൊരട്ടി: വാലുങ്ങാമുറി ഹെെരാർക്കി മെമ്മോറിയൽ എൽപി സ്കൂളിന്റെ 101-ാം വാർഷികവും അധ്യാപക രക്ഷകർതൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ റവ.ഡോ. പോൾ മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ.രാജു മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ വി.കെ. കൃഷ്ണൻ എൻഡോവ്മെന്റുകൾ വിതരണംചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി അഗസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി ഡേവീസ്, പ്രധാനാധ്യാപിക ജിജി പൗലോസ്, സ്റ്റാഫ് സെക്രട്ടറി ജിജി ജോർജ്, തിരുമുടിക്കുന്ന് പള്ളി ട്രസ്റ്റി ബെന്നി പോൾ വല്ലൂരാൻ, ഒഎസ്എ പ്രസിഡന്റ് ജോയ് ജോൺ, സ്കൂൾ വികസന സമിതി പ്രസിഡന്റ് വറീത് കണ്ടംകുളത്തി, പി.ടി.എ. പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലിജോ ജോസ്, എം.പി.ടി.എ. പ്രസിഡന്റ് ജയ്മോൾ മധു, സ്കൂൾ ലീഡർ അമേയ ലിജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
ആറ്റപ്പാടം എസ്കെഎം എൽപി സ്കൂൾ
കൊരട്ടി: ആറ്റപ്പാടം എസ്കെഎം എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.പി. ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ എൻഡോവ്മെന്റ്് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രമണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്മിസ്ട്രസ് കെ.പി. ഷീബ, സുവർണ ജൂബിലി ആഘോഷസമിതി ചെയർപേഴ്സനും മുൻ പഞ്ചായത്ത് അംഗവുമായ ഷിമ സുധിൻ, പിടിഎ പ്രസിഡന്റ് അനുഷ പ്രജിൻ, എംപിടിഎ പ്രസിഡന്റ്് ഗ്രീഷ്മ അനിൽ, സ്കൂൾ ലീഡർ എസ്.ബി. സഹർഷ്, അധ്യാപക പ്രതിനിധികളായ പി.ഗായത്രി, ശീതൾ എം.ജോസ് എന്നിവർ പ്രസംഗിച്ചു.
നായരങ്ങാടി വിദ്യാഭവൻ എൽപി സ്കൂൾ
ചാലക്കുടി: നായരങ്ങാടി വിദ്യാഭവൻ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ഷൈനി ഫ്രാൻസീസിന് യാത്രയയപ്പ് നൽകി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ്് പ്രതിനിധി ആൻമേരി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, ബിപിസി ലിജൊജോസ്, കോടശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി ജോയി, വാർഡ് മെമ്പർ പ്രിയ ബാബു, സി.സിജി ജോർജ്, കെ. ഫിജി ജോർജ്, എ. സ്നേഹലത, ഒഎസ്എപ്രസിഡന്റ് കെ.ആർ. സജിത് കുമാർ, രവി ചിറ്റിയത്ത്, സ്കൂൾ ലീഡർ മിലേഖ ബിനു, പിടിഎ പ്രസിഡന്റ്് വിജില ശ്രീനു എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപിക ഷൈനി ഫ്രാൻസീസ് മറുപടി പ്രസംഗം പറഞ്ഞു.
National
ന്യൂഡൽഹി: കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമൂഹത്തിൽ ദുർബലരും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ വിദ്യാർഥികൾക്ക് അയൽപക്ക സ്കൂളുകളിൽ പ്രവേശനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ പ്രവേശനത്തിനായി 25 ശതമാനം സീറ്റുകൾ നീക്കി വയ്ക്കാൻ സ്കൂളുകൾ ബാധ്യസ്ഥമാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി ക്ലാസുകളിലേക്കും പ്രവേശനം നേടിയ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട 25 ശതമാനം കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളും സ് പെഷൽ സ്കൂളുകളും സൗജന്യവിദ്യാഭ്യാസം നൽകണമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള നിയമത്തിലെ 12 (1) (സി) വകുപ്പും കോടതി ആവർത്തിച്ചു.
കുട്ടികൾക്ക് വീടിനടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ വേണമെന്നാണു ചട്ടം. ഇത്തരം സ്കൂളുകളെയാണ് അയൽപക്ക സ്കൂൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് 25 ശതമാനം സംവരണം ലഭ്യമാക്കി സ്കൂളുകളിൽ പ്രവേശനം നൽകുകയെന്നത് ദേശീയ ദൗത്യമായി കാണണം. അറിവില്ലായ്മ നിമിത്തം ഇത്തരം അവകാശങ്ങൾ ആർക്കും നിഷേധിക്കപ്പെടരുതെന്നും അതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പിന്നാക്കവിഭാഗത്തിൽ തന്റെ കുട്ടിക്ക് പ്രവേശം നേടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഒരു വ്യക്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ കുട്ടി അപേക്ഷ നൽകിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ആവശ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്.
Kerala
വയനാട്: കടുവ ഭീഷണിയെ തുടർന്ന് വയനാട് ജില്ലയിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ചയും ഈ വാർഡുകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
അതേസമയം ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
National
സിംല: ഹിമാചൽപ്രദേശിലെ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ മൊബൈൽ ഫോണിനു സന്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു.
നഴ്സറി ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു നിരോധനം. അധ്യാപകർക്ക് സ്റ്റാഫ് റൂമിലോ ബാഗിലോ ഫോൺ സൂക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡ്യുക്കേഷൻ ഗാലറി, പ്രോഗ്രാം മാനേജ്മെന്റ് സ്റ്റുഡിയോ ഉൾപ്പെടെ ആധുനികസൗകര്യങ്ങൾ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്കു കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
International
വിയന്ന : പതിനാലിനു താഴെയുള്ള പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്ന നിയമം ഓസ്ട്രിയൻ പാർലമെന്റ് പാസാക്കി.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിരോധനം ബാധകമായിരിക്കും. ലിംഗനീതിയും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണിതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പരന്പരാഗത മുസ്ലിം വസ്ത്രങ്ങളായ ഹിജാബ്, ബുർഖ തുടങ്ങിയവ പെൺകുട്ടികൾ സ്കൂളിൽ ധരിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.
2020ൽ ഓസ്ട്രിയൻ സർക്കാർ പത്തു വയസിനു താഴെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ, മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നു എന്നു ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി ഈ നിയമം അസാധുവാക്കി.
Kerala
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാല തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്കര താലൂക്കുകളിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.
മുമ്പ് നെയ്യാറ്റിന്കര താലൂക്കില് ഉള്പ്പെട്ടിരുന്നതും ഇപ്പോള് കാട്ടാക്കട താലൂക്കില് ഉള്ളതുമായ അമ്പൂരി, വാഴിച്ചല്, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്, കുളത്തുമ്മല്, മാറനല്ലൂര്, മലയിന്കീഴ്, വിളവൂര്ക്കല്, വിളപ്പില് എന്നീവില്ലേജ് പരിധിയില് വരുന്ന സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്.
എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. തിരുനാളിനോടനുബന്ധിച്ച് തലസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.
Editorial
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിനും വിവിധ സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമയച്ചത്. സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു.
ഇന്ദിരാഗാന്ധി എയർപോർട്ട്, ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്കൂൾ, കുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയ തുടങ്ങിയ സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമയച്ചിട്ടുള്ളത്. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ചയും വിവിധ സ്കൂളുകൾക്ക് നേരെ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. ഇരുപതോളം സ്കൂളുകളിൽ ഇ- മെയിൽ സന്ദേശങ്ങളായിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സ്കൂളുകളിൽ സ്ഫോടക വസ്തുകൾ വച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.
District News
പത്തനംതിട്ട ജില്ലയിൽ തെരുവ് നായ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ ആശങ്കയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തങ്ങളുടെ മക്കളെ ഒറ്റയ്ക്ക് സ്കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പലയിടങ്ങളിലും, കുട്ടികൾക്ക് മുറ്റത്ത് കളിക്കാനോ സൈക്കിൾ ഓടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. മുതിർന്നവർ കൂടെ നിന്നാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.
ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവ് നായകൾ. റോഡിന് കുറുകെ പെട്ടെന്ന് ഓടിയെത്തുന്ന നായകളെ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും, വീടുകളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വർദ്ധിപ്പിക്കുന്നു. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധിക്ക് പ്രധാന കാരണം അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജില്ലയിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ച് സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് നിയമപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്. എന്നാൽ ഇതിനായി ആവശ്യമായ ഫണ്ടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പദ്ധതി താറുമാറാകാൻ കാരണം. അഭയകേന്ദ്രങ്ങളുടെ അഭാവവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയമായ രീതികളും തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പേവിഷബാധയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. തെരുവ് നായ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടുന്നത്.
നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന എ.ബി.സി. പദ്ധതി പുനരാരംഭിക്കണമെന്നും, തെരുവ് നായകൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്നും, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും പൊതുജനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.