കൊയിലാണ്ടി: പഴയ ചിത്ര ടാക്കീസിന് സമീപത്തെ ആക്രിക്കടയിൽ ഉണ്ടായ തർക്കത്തില്‍ മൂന്ന് പേര്‍ക്ക് കത്തിക്കുത്തേറ്റു. കടയുടമയായ തിരുനെൽവേലി സ്വദേശി മുത്തുകുമാർ, ജീവനക്കാരായ മണികണ്ഠൻ, ശരവണൻ എന്നിവർക്കാണ് പരിക്കേറ്റത്.
പഴയ സ്കൂട്ടറിന്റെ വില്പനയുമായി ബന്ധപ്പെട്ടുണ്ടായഅഭിപ്രായവ്യത്യാസമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. വൈകീട്ട് വാഹനം വാങ്ങാൻ എത്തി സംസാരിച്ച ശേഷം പോയ ആളുകൾ രാത്രി വീണ്ടും കടയിലെത്തിയപ്പോൾ പണം സംബന്ധിച്ച് തർക്കമുണ്ടാക്കുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.മുത്തുകുമാറിന് തലയുടെ ഭാഗത്തും ചെവിക്ക് സമീപവും പരിക്കേറ്റു.
ആക്രമണം തടയാൻ ശ്രമിച്ച മറ്റുരണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ആക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.