ഉത്തർപ്രദേശിലെ വാരണാസി ജില്ലാ കോടതിക്കുള്ളിൽ ജഡ്ജിയുടെ കസേര കൈയേറി മധ്യവയസ്ക ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കോടതി മുറിയിലേക്ക് അതിക്രമിച്ചു കയറിയ സ്ത്രീ നേരെ ജഡ്ജിയുടെ ഡയസിലേക്ക് നടന്നു കയറി കസേരയിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. താനാണ് ഇന്നത്തെ ജഡ്ജിയെന്ന് പ്രഖ്യാപിച്ച ഇവർ, മേശപ്പുറത്ത് അടിച്ച് 'ഓർഡർ ഓർഡർ' എന്ന് വിളിച്ചുപറയുകയും സാക്ഷികളെ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മേശപ്പുറത്തിരുന്ന കേസ് ഫയലുകൾ പരിശോധിക്കാനും ഇവർ മുതിർന്നതോടെ കോടതി ജീവനക്കാരും അഭിഭാഷകരും സന്ദർശകരും ഒരുപോലെ ഞെട്ടിപ്പോയി.
അഡീഷണൽ ജില്ലാ ജഡ്ജി അവധിയിലായിരുന്ന സമയത്താണ് ഈ സുരക്ഷാവീഴ്ചയുണ്ടായത്. കസേരയിൽ നിന്ന് മാറാൻ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ലെന്നു മാത്രമല്ല, അനുനയിപ്പിക്കാൻ വന്നവരോട് കയർത്തു സംസാരിക്കുകയും ചെയ്തു.
ഏതാണ്ട് ഒരു മണിക്കൂറോളം കോടതി നടപടികൾ പൂർണമായി തടസപ്പെട്ടു. ഒടുവിൽ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള വനിതാ പോലീസുകാർ എത്തിയാണ് ഇവരെ ബലമായി അവിടെനിന്നും മാറ്റിയത്.
ചോദ്യം ചെയ്യലിൽ സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കനത്ത സുരക്ഷയുള്ള കോടതി സമുച്ചയത്തിൽ ഇത്രയും വലിയ വീഴ്ച എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് നിലവിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.