വടക്കഞ്ചേരി: കണച്ചിപരുത കൊടുമ്പാലയിലെ ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതം സംബന്ധിച്ച് ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ജില്ലാ പട്ടികവർഗ വികസന ഓഫീസർ എം. ഷമീന പറഞ്ഞു. വീട് നിർമാണത്തിനു സാധന സാമഗ്രികൾ എത്തിക്കാൻ വഴിയില്ലാത്തത് തടസമായുണ്ട്.
വീട്ടുകാരുടെ അഭിപ്രായം കൂടിയറിഞ്ഞ് വീട് നിർമാണമോ മറ്റു സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റുന്നതിനുള്ള നടപടികളോ സ്വീകരിക്കും. ഇതിനായി മിച്ചഭൂമിയോ നിക്ഷിപ്ത വനഭൂമിയോ വേണം. മേലാർകോട് ഭാഗത്ത് സ്ഥലമുണ്ട്. എക്സ്റ്റൻഷൻ ഓഫീസറുടെ റിപ്പോർട്ടിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലുള്ള ചാമിയുടെ 16 അംഗ കുടംബമാണ് പഴയ ടാർപോളിൻ വലിച്ചുകെട്ടിയ കുടിലിൽ കഴിയുന്നത്. ഇതു സംബന്ധിച്ച് ദീപിക ഉൾപ്പെടെയുള്ള പത്രങ്ങളിൽ ഇന്നലെ പടം സഹിതം വാർത്ത വന്നതോടെയാണ് കുടുംബത്തിന്റെ ദൈന്യസ്ഥിതി പുറംലോകം അറിയുകയും അധികാരികൾ നടപടികളിലേക്കും നീങ്ങിയിട്ടുള്ളത്.