ഹരിപ്പാട്: പാസില്ലാതെ സർവീസ് നടത്തിയ ടോറസ് ലോറി പോലീസ് പിടികൂടാൻ കാരണം യുവാവാണെന്ന മുൻവൈരാഗ്യത്തിൽ അഞ്ചംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ പരിക്കേറ്റ തൃക്കുന്നപ്പുഴ പല്ലന ചിറക്കുഴിയിൽ അരുൺ ചന്ദ്രന്റെ (33) ഇടതു കാൽപ്പാദത്തിന് മാരകമായി പരിക്കേൽക്കുകയും അസ്ഥി തകരുകയും ചെയ്തു. ആക്രമണത്തിനിടയിൽ യുവാവിന്റെ രണ്ടു പവന്റെ സ്വർണമാലയും ഐഫോണും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പല്ലന സ്വദേശി രഞ്ജിത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ കരുവാറ്റ-കുമാരകോടി റോഡിൽ മംഗ്ലാവിൽ പാലത്തിനു കിഴക്കുവശത്തായിരുന്നു സംഭവം. അരുൺ ചന്ദ്രൻ റോഡരികിൽ ബൈക്കിൽ നിൽക്കുമ്പോൾ രണ്ടു ബൈക്കുകളിലായെത്തിയ പ്രതികൾ അരുണിന്റെ വാഹനത്തിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതിയായ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ബൈക്കിന്റെ ഇരുമ്പ് ഷോക്ക് അബ്സോർബർ ഉപയോഗിച്ച് അരുണിനെ ക്രൂരമായി മർദിച്ചു. അടിയേറ്റ് നിലത്തുവീണ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു.
ഈ സംഘർഷത്തിനിടയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടത്. ഒന്നാം പ്രതി രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ടോറസ് ലോറി നിയമവിരുദ്ധമായി ലോഡുമായി വന്നത് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയിരുന്നു. ഈ വണ്ടി പിടികൂടാൻ പോലീസിന് രഹസ്യവിവരം നൽകിയത് അരുൺ ചന്ദ്രൻ ആണെന്ന പ്രതികളുടെ സംശയമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഹരിപ്പാട് പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.