വാടാനപ്പിള്ളി: പുതിയ ദേശീയപാത ബൈപാസിൽ ഉപ്പുപടന്ന മുതൽ വാടാനപ്പിള്ളിവരെ സർവീസ് റോഡ് നിർമിച്ചു നൽകുക അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം തൃത്തല്ലൂരിലെ ദേശീയപാത നിർമാണ പ്ലാന്റ് ഉപരോധിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിപ്പോയ കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിച്ചു നൽകുക, കേന്ദ്രമന്ത്രി സുരേഷ് ഗോപി ജനങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സിപിഎം തൃത്തല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാന്റ് ഉപരോധിച്ചത്.
സർവീസ് റോഡ് ഇല്ലാത്തതിനാൽ ഉപ്പു പടന്ന, മണപ്പാട്, നടുവിൽക്കര മേഖലയിലുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് യാത്ര പോകുന്നത്. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനാൽ മേഖലയിലുള്ളവർ കുടിവെള്ളത്തിനു നെട്ടോട്ടമോടുകയാണ്. എംപിക്ക് നിവേദനം നൽകിയിട്ടും അനുകൂലമായ നടപടിയില്ലാതെ വന്നതോടെയാണ് സിപിഎം പ്ലാന്റ് ഉപരോധിച്ചത്.
സമരം സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു . തൃത്തല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. നാട്ടിക ഏരിയ കമ്മിറ്റി അംഗം കെ.സി. പ്രസാദ്, വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എ. ഷാജുദ്ദീൻ, വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ. സുധീഷ്, ബ്ലോക്ക് അംഗം കെ.ബി. സുധ, ലോക്കൽ കമ്മറ്റി അംഗങ്ങളായ വി.ആർ. ഷിജിത്ത്, ഗിരീഷ് മാത്തുകാട്ടിൽ, ശാന്തി ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.പി. ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഹേമലത പ്രതാപൻ, ഓമന മധുസൂദനൻ, പി.ബി. നിലേഷ്, എം.ബി. ബിജു, ബ്ലോക്ക് അംഗം ഷൈന മുഹമ്മദ്, എം.എ. യൂസഫ്, ടി എൻ. ഉദയകുമാർ, രജീന രാജു, കുടുംബശ്രീ ചെയർ പേഴ്സൺ വസന്തമണി, പഞ്ചായത്ത് അംഗങ്ങളായ ഷൈജ ഉദയകുമാർ, പി. കെ. സുധർമൻ, വി. മുരളീധരൻ, എം.എസ് .സുജിത്ത്, പി .ആർ. സുഷിൽ തുടങ്ങിയവർ പ്രകടനത്തിനും ഉപരോധ സമരത്തിനും നേതൃത്വം നൽകി.