പാലാ: വാട്ടര്‍ അഥോറിറ്റിക്കുള്ള കുടിശിക തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയതോടെ പാലാ നഗരസഭയ്ക്കെതിരായ ജപ്തി നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.
ഏകദേശം ആറരക്കോടി രൂപയുടെ കുടിശികയെത്തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റിയുടെ ജപ്തി നടപടികളും ജലകണക്ഷനുകള്‍ വിച്ഛേദിക്കുന്നതിനുള്ള നടപടികളും നഗരസഭ നേരിട്ടിരുന്നു. നഗരസഭയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കുടിശിക തുക വാട്ടര്‍ അഥോറിറ്റിക്ക് കൈമാറിയതെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
കുടിശിക തുക ലഭിച്ച സാഹചര്യത്തില്‍ നഗരസഭയ്ക്കെതിരായ ജപ്തി നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വാട്ടര്‍ അഥോറിറ്റി പൂര്‍ത്തിയാക്കി വരികയാണ്. ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ അടിസ്ഥാനത്തില്‍ താത്കാലികമായി ലഭിച്ചിരുന്ന ആശ്വാസത്തിന് പകരം കുടിശിക തീര്പ്പായതിലൂടെ വിഷയത്തിന് സ്ഥിരമായ പരിഹാരമായതായി ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.