ശ്രീനാരായണപുരം : കനോലി കനാലിൽ ബണ്ട് പൊട്ടിച്ചതിനെത്തുടർന്നു മലിനജലം കലർന്നു. വൻതോതിൽ കൂടുകൃഷിയിലെ മത്സ്യകൾ ചത്തുപൊന്തി.
ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയതോടെ മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. മതിലകം, പടിയൂർ, ശ്രീനാരായണപുരം, വെള്ളാങ്കല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനോലി കനാലിലാണ് മലിനജലം കലർന്നത്. ഇതോടെ പുഴയിൽ കൂടുകെട്ടി മത്സ്യകൃഷി ചെയ്തിരുന്ന കർഷകരുടെ 14 ഓളം കൂടുകൃഷിയിലെ മത്സ്യങ്ങളാണ് ഇന്നലെ മുതൽ മത്സ്യങ്ങൾ ചത്തു തുടങ്ങിയത്.
പടിയൂർ പഞ്ചായത്തിലെ ബണ്ടുകൾ തുറന്നതോടെ ഷൺമുഖം കനാലിലൂടെ ഒഴുകിയെത്തിയ മലിന ജലം പുഴയിലേക്ക് കലർന്നതാണ് മത്സ്യങ്ങൾ ചത്തുപൊന്താൻ കാരണമെന്ന് കർഷകർ പറയുന്നു. നിരവധി കൂടുകളിലായി വളർത്തിയിരുന്ന, 150 ഗ്രാം മുതൽ ഒരുകിലോയോളം വരെ തൂക്കമുള്ള കരിമീൻ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളാണ് ചത്തുപൊന്തിയത്.
ഇവ പെരുന്നാളിനോടനുബന്ധിച്ച് വിളവെടുക്കാനിരുന്നതാണെന്ന് കർഷകർ പറഞ്ഞു. ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ പടിയൂർ പഞ്ചായത്തുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇവർ പറഞ്ഞു.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ സ്ഥലം സന്ദർശിക്കുകയും കർഷകർക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്നു ആവശ്യപ്പെടുകയും ചെയ്തു.