അലനല്ലൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട ചാക്കുകൾക്കിടയിലൂടെയും ഷീറ്റുകളിലൂടെയും വലിഞ്ഞുകയറി 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിലെത്തിയ പിഞ്ചുകുഞ്ഞിനെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് അലനല്ലൂർ എസ്റ്റേറ്റുപടിയിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. ആസാം സ്വദേശികളായ ദന്പതികളുടെ പെണ്കുഞ്ഞാണു തലനാരിഴയ്ക്കു വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
എസ്റ്റേറ്റുപടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തായിരുന്നു സംഭവം. ജോലിസമയം കഴിഞ്ഞ് തൊഴിലാളികൾ തിരികെപോകാൻ ഒരുങ്ങുന്നതിനിടെയാണു കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കളും സമീപവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണു കെട്ടിടത്തിന്റെ മേൽക്കൂരയിൽ കുട്ടി നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. കെട്ടിടത്തിന്റെ ചുവരുകളോടുചേർത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യച്ചാക്കുകളിലൂടെയും ചായ്ച്ചുവച്ചിരുന്ന ഷീറ്റുകളിലൂടെയുമാണു കുട്ടി മുകളിലേക്കു കയറിയത്.
ഏകദേശം 20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയുടെ മധ്യഭാഗത്താണു കുട്ടി നിന്നത്. മേൽക്കൂരയുടെ മറുവശത്ത് 30 അടിയോളം ആഴമുള്ള താഴ്ചയുണ്ടായിരുന്നതിനാൽ കുട്ടി കാൽതെറ്റി താഴേക്കു വീഴുമോ എന്ന ഭീതിയുണ്ടായിരുന്നു. സമീപവാസികൾ ഓടിയെത്തിയെങ്കിലും വലിയ ഉയരമുള്ള മേൽക്കൂരയിൽനിന്നു കുട്ടിയെ എങ്ങനെ സുരക്ഷിതമായി താഴെയിറക്കുമെന്ന ആശങ്കയിൽ ഒരുനിമിഷം സ്തംഭിച്ചുനിന്നു.
അവിടെയുണ്ടായിരുന്ന നിർമാണത്തൊഴിലാളി അത്താണിപ്പടി നന്നങ്ങാടിക്കുന്ന് സ്വദേശിയായ ഷിഹാബ് സാഹസികമായി മേൽക്കൂരയിലേക്കു കയറി ശ്രമകരമായ ദൗത്യത്തിനൊടുവിൽ കുഞ്ഞിനെ സുരക്ഷിതമായി കൈകളിലെടുത്തു താഴെയെത്തിച്ചു. മകൾ അദ്ഭുതകരമായി അപകടത്തിൽനിന്നു രക്ഷപ്പെട്ടതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന മാതാപിതാക്കളും നാട്ടുകാരും വലിയ ആശ്വാസത്തിലായി. ഷിഹാബിന്റെ ധീരമായ ഇടപെടലിനെ പ്രദേശവാസികൾ അഭിനന്ദിച്ചു.