Kerala
മൂവാറ്റുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഡിസംബർ 10 വരെ 30 ദിവസത്തേക്ക് ഷട്ട് ഡൗണ്‍ ചെയ്യുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ഇടുക്കി ഡാമില്‍നിന്ന് തുറന്നുവിടുന്ന ജലമാണ് തൊടുപുഴയാറ് വഴി മൂവാറ്റുപുഴയാറിലേക്ക് എത്തുന്നത്.
ഷട്ട്ഡൗണ്‍ സമയത്ത് തൊടുപുഴ - മൂവാറ്റുപുഴയാറിലെ ജലലഭ്യത ക്രമാതീതമായി താഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ആറുകളെ ആശ്രയിച്ച് നില്ക്കുന്ന ജല ശുദ്ധീകരണ ശാലകളില്‍നിന്ന് മൂവാറ്റുപുഴ, കൂത്താട്ടുകുളം നഗരസഭകളിലേക്കും വാളകം, മാറാടി, പായിപ്ര, ആരക്കുഴ, പാലക്കുഴ, ആവോലി, മഞ്ഞള്ളൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ശുദ്ധജല വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും. സമ്പൂർണ അടച്ചുപൂട്ടൽ 21-ാം ദിനത്തിലേക്കു കടന്നു. ധനാനുമതി ബില്‍ യുഎസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്.
തുടര്‍ച്ചയായ 11-ാം തവണയാണ് ബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനിടുകയായിരുന്നു.
50-43 എന്ന വോട്ടുനിലയിലാണ് ബില്‍ ഇന്ന് സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും.
ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ്ഹൗസും മുന്നോട്ടുവയ്ക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, അധികാരമേറ്റതിനുശേഷം സർക്കാർ ചെലവുകളും ഫെഡറൽ ജോലികളും വെട്ടിക്കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.