കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് അടവിക്കുഴി ഉന്നതിയിലേക്കുള്ള ഏക നടപ്പാതയുടെ വശം തകർന്നു. റോഡിന്റെ ഒരു വശത്തോടു ചേർന്നുള്ള ഭൂമി താഴ്ന്ന പ്രദേശമാണ്. ഈ വസ്തുവിന്റെ ഉടമസ്ഥൻ അനധികൃതമായി മണ്ണ് എടുത്തതുമൂലം കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ നടപ്പാതയുടെ ഒരു വശം ഇടിഞ്ഞുതാഴുകയായിരുന്നുവെന്ന് പറയുന്നു.
കനത്ത മഴയേത്തുടർന്ന് താഴ്ഭാഗത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്നു കൊണ്ടിരിക്കുകയാണ്. ചെറിയ വാഹനങ്ങൾ വരുമായിരുന്ന ഈ നടപ്പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കാൽ നടയാത്രപോലും ചെയ്യാൻ പറ്റാത്ത ഭയത്തിലാണ് ഉന്നതിയിലെ താമസക്കാർ.
നടപ്പാതയിൽനിന്ന് ഏതാണ്ട് 50 അടി താഴ്ചയിലാണ് മണ്ണ് എടുത്തിട്ടുള്ളത്. കോൺക്രീറ്റ് ചെയ്ത നടപ്പാതയുടെ അടി ഭാഗം മഴയിൽ ഒലിച്ചു പോയി. ഇനിയും ഒരു മഴ പെയ്താൽ നടപ്പാത പൂർണമായും ഒലിച്ചുപോകുന്ന സ്ഥിതിയാണ്. നടപ്പാതയോടു ചേർന്ന് നിരവധി വീടുകളുണ്ട്. അപകടമുണ്ടായാൽ ഇവരുടെ ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യും.