തിരുവനന്തപുരം: നവകേരളാ യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രിയായി വി.ഡി.സതീശൻ അധികാരമേറ്റ ദിവസം തന്നെ സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ്.എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടപടിയെ പിണറായി രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.