വാഷിംഗ്ടൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്കൈ ഡൈവിംഗിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.
സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിംഗ് സ്ഥാപനമായ ജംപ്ടൗൺ സ്കൈ ഡൈവിംഗ് നടത്തിയ സ്കൈ ഡൈവിംഗിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലാൻഡിംനിടെ പെട്ടെന്നുണ്ടായ കാറ്റിൽ പാരച്യൂട്ടിന് തടസം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ അറിയിച്ചു.