കായംകുളം: ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റെയും ലതികയുടെയും മകൻ ഗിരിപ്രകാശാണ് (23) മരിച്ചത്.
ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ബസ് ജാക്കിവച്ച് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരാണ് ഇരുവരും.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശ്വിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.