ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപ്ലവത്തിന് ശേഷം വെയറബിൾ സാങ്കേതികവിദ്യയിലെ അടുത്ത വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിരിക്കുകയാണ് ആപ്പിൾ.എഐ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകൾ വിപണിയിലെത്തിക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ആപ്പിൾ ഡെവലപ്പർ കോൺഫറൻസിൽ പുതിയ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്യാമറയില്ലാതെ എഐ, വർഷങ്ങളായി ആപ്പിൾ ഇതിനായി ഗവേഷണം നടത്തുന്നുണ്ടെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളാണ് ഉത്പ്പന്നം വിപണിയിലെത്തുന്നത് വൈകിപ്പിച്ചത്.
വ്യക്തിഗത വിവര ചോർച്ചയും രഹസ്യ നിരീക്ഷണവും തടയാൻ ക്യാമറ ഒഴിവാക്കിയുള്ള ഗ്ലാസുകൾ ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. ക്യാമറ സംവിധാനം ഉൾപ്പെടുത്തിയാലും ഫോട്ടോകളോ വീഡിയോകളോ റിക്കാർഡ് ചെയ്യാൻ സാധിക്കാത്ത വിധം സോഫ്റ്റ്വെയർ നിയന്ത്രണമേർപ്പെടുത്തുന്ന രീതിയും പരിഗണനയിലുണ്ട്. ചുറ്റുമുള്ള വിവരങ്ങൾ എഐ പ്രോസസ്സിംഗിനായി തിരിച്ചറിയാൻ മാത്രമായിരിക്കും ഈ ക്യാമറകൾ പ്രവർത്തിക്കുക.
നിലവിൽ എഐ സ്മാർട്ട് ഗ്ലാസ് വിപണിയിൽ 80 ശതമാനത്തോളം മേധാവിത്വം പുലർത്തുന്നത് മെറ്റയാണ്. റേ-ബാൻ ബ്രാൻഡുമായി ചേർന്ന് മെറ്റ അവതരിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ മികച്ച ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, ആരും അറിയാതെ ഫോട്ടോയും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നത് വലിയ സ്വകാര്യതാ ആശങ്ക ഉയർത്തിയിരുന്നു.
ഈ തിരിച്ചടി ഒഴിവാക്കാനാണ് ആപ്പിൾ തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഗ്ലാസുകളിൽ മൈക്രോഫോൺ, സ്പീക്കറുകൾ, സിരി വോയ്സ് അസിസ്റ്റന്റ് എന്നിവയുണ്ടാകും.
സ്മാർട്ട്ഫോണുകൾക്ക് പകരക്കാരനായി സ്മാർട്ട് ഗ്ലാസുകൾ മാറും എന്ന കണക്കുകൂട്ടലിൽ പ്രമുഖ കമ്പനികളെല്ലാം ഈ രംഗത്തേക്ക് ചുവടുവെക്കുകയാണ്. ആപ്പിളിന്റെ ഈ പുതിയ മുന്നേറ്റത്തോടെ, ടെക് ലോകം കാത്തിരിക്കുന്ന പ്രൈവസി ഫ്രണ്ട്ലി സ്മാർട്ട് ഗ്ലാസ് വിപ്ലവത്തിന് അടുത്ത വർഷത്തോടെ തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.