കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ കൊച്ചിയില്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു.
പൊതുസ്ഥലങ്ങളിലും നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും രാത്രി ജീവിതം സജീവമായ മേഖലകളിലും ഐടി പാര്‍ക്കുകള്‍ക്ക് സമീപവുമെല്ലാം പുകവലിക്കാരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ലഹരിയുടെ ആദ്യപടിയായിട്ടാണ് പുകവലിയെ കാണുന്നത്. പുകവലി വ്യക്തിപരമായ ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും പൊതുജനാരോഗ്യ സംവിധാനത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്നമായി മാറുകയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഒരു മാസത്തിനിടെ 156 കോട്പ കേസുകള്‍
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ നടക്കുന്ന പരിശോധനയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 156 കോട്പ കേസുകളാണ്.
ജൂണ്‍ രണ്ടു മുതല്‍ ജൂലൈ ഒമ്പതുവരെയുള്ള കണക്കാണിത്. കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും പുകവലി, പുകയിലെ ഉത്പന്നങ്ങളുടെ വില്പന ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ടെന്നതാണ് വസ്തുത. ഹാന്‍സ്, നിരോധിത സിഗരറ്റുകള്‍ എന്നിവയാണ് പിടിച്ചെടുത്തതില്‍ ഏറെയും.