തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒ.എം.ആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്.
തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.