International
കയ്റോ: മധ്യ, കിഴക്കൻ യെമനിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 30 ഗവൺമെന്റ് സൈനികർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു.
മാരിബ്, ഹാധ്രാമൗത് പ്രവിശ്യകളിലെ സൈനിക ക്യാന്പുകളിലായിരുന്നു ആക്രമണം. ഹൂതി വിമതരുടെ ആക്രമണമുണ്ടായതായി യെമന്റെ കരസേന സ്ഥിരീകരിച്ചു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഉറിയിൽ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റു.
കമാൽകോട്ടിലാണ് സ്ഫോടനം. പരിക്കേറ്റ സൈനികരെ ആകാശമാർഗം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
District News
ഹരിപ്പാട്: കാർഗിൽ വിജയത്തിന്റെ 27-ാം വാർഷികത്തിൽ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ പോരാട്ടത്തിലും കൈകോർത്ത് സൈനിക കൂട്ടായ്മ. ആലപ്പുഴയിലെ സൈനികരുടെ കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് സംഘടിപ്പിച്ച എട്ടാം വാർഷികാഘോഷവും ലഹരിവിരുദ്ധ പ്രചാരണവും കാർത്തികപ്പള്ളി ആയാപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അതിർത്തിയിൽ നാടിന് കാവൽനിൽക്കുന്ന സൈനികർ, സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജനതയെ പ്രാപ്തരാക്കാൻ മുന്നിലുണ്ടെന്ന സന്ദേശമാണ് ഈ കൂട്ടായ്മ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രസിഡന്റ് മുരളീധരൻ വള്ളികുന്നം അധ്യക്ഷത വഹിച്ചു. മനോജ് കരിമുളയ്ക്കൽ, റിട്ട. കേണൽ വിജയകുമാർ, എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ സെക്രട്ടറി ബാബുലാൽ എന്നിവർ പ്രസംഗിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈനികരിൽ പുരുഷത്വ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് പരിശോധിക്കുന്നു.
30നു മുകളിൽ പ്രായമുള്ള എല്ലാ സൈനികർക്കും ടെസ്റ്റോസ്റ്റെറോൺ അപര്യാപ്തതാ പരിശോധന നടത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിർദേശം നല്കി.
വാർഷിക ആരോഗ്യ പരിശോധനയിൽ ഇക്കാര്യവും ഉൾപ്പെടുത്തും. എറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള ടെസ്റ്റോസ്റ്റെറോൺ അളവ് സൈനികരിലുണ്ടെന്ന് ഉറപ്പാക്കാനാണിതെന്ന് ഹെഗ്സെത്ത് വിശദീകരിച്ചു.
ടെസ്റ്റോസ്റ്റെറോൺ അളവ് കുറഞ്ഞവർക്ക് സ്വമേധയാ ഹോർമോൺ ചികിത്സ തെരഞ്ഞെടുക്കാൻ അവസരം നല്കും. റിസർവ് സൈനികർക്കും പരിശോധന നിർബന്ധമാണെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പറഞ്ഞു. 30നു താഴെ പ്രയാമുള്ളവർക്ക് സ്വമേധയാ പരിശോധനയ്ക്കു വിധേയമാകാം.
വനിതാ സൈനികർക്കും ഇത്തരം പരിശോധനയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല.
National
ഇംഫാൽ: മണിപ്പുരിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ആസാം റൈഫിൾസ് സൈനികർക്കു വീരമൃത്യു. ഉഖ്റുൾ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ആക്രമണം.
നുംഗ്ഷാംഗ് ഖോംഗ് മേഖലയിൽ ആസാം റൈഫിൾസ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് തീവ്രവാദികൾ വെടിവയ്പ് നടത്തുകയായിരുന്നു. നിരവധി സൈനികർക്കു പരിക്കേറ്റു.
വാറന്റ് ഓഫീസറും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 40-ാം ആസാം റൈഫിൾസ് ബറ്റാലിയനിലെ അംഗങ്ങൾ സംഗ്ഷാക്കിലെ ആസ്ഥാനത്തേക്കു മടങ്ങവേയായിരുന്നു ആക്രമണം.
സംഭവത്തെ മണിപ്പുർ ആഭ്യന്തരമന്ത്രി ഗോവിന്ദാസ് കോൻതൗജം അപലപിച്ചു. സുരക്ഷാസേനയ്ക്കു നേർക്ക് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഊർജിതമാക്കി.
പ്രദേശത്ത് കൂടുതൽ സുരക്ഷാ സൈനികരെ വിന്യസിച്ചു. ആക്രമണസമയത്ത് സമീപത്തെ നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ ചോദ്യംചെയ്യലിനായി സുരക്ഷാസേന കസ്റ്റഡിയിലെടുത്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ ആസ്ഥാനത്ത് സ്ഫോടക വസ്തുക്കളുമായി ആക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു പിന്നാലെ വെടിവയ്പ്പുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.
ആയുധധാരികളായ സംഘം ശനിയാഴ്ച വൈകിട്ടാണ് റേഞ്ചേഴ്സ് ആസ്ഥാനം ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ പറഞ്ഞു. ആയുധധാരികളായ അഞ്ചുപേരടങ്ങുന്ന സംഘമാണ് കറാച്ചിയുടെ കിഴക്കൻ ജില്ലയിലുള്ള റേഞ്ചേഴ്സിനെ ലക്ഷ്യമിട്ട് എത്തിയത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റിയെന്നും പിന്നാലെ വലിയ സ്ഫോടനം ഉണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഭവത്തെ തുടർന്ന് മൊസാമിയത്ത് ചൗറംഗി പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ സുരക്ഷാ സേന അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുരാദ് അലി ഷാ വിശദമായ റിപ്പോർട്ട് തേടി. സ്ഫോടനശബ്ദവും വെടിവയ്പ്പും സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉടൻ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ നാലു സൈനികർക്ക് പരിക്ക്.
ഇന്നലെ സൈന്യത്തിന്റെ പതിവ് പട്രോളിംഗിനിടെ അബദ്ധത്തിൽ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗീക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രജൗരിയിലെ നൗഷേര സെക്ടറിലുള്ള കാലൽ ഫോർവേഡ് ഏരിയയിലാണ് സ്ഫോടനം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
International
അബുജ: ആഫ്രിക്കൻ രാജ്യമായ ചാഡിൽ 23 സൈനികരെ ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. 26 സൈനികർക്കു പരിക്കേറ്റു.
ലേക്ക് ചാഡ് മേഖലയിലെ ബർക്ക ടോളോറോം ദ്വീപിലെ മിലിട്ടറി പോസ്റ്റിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് സൈന്യം അറിയിച്ചു.
ലേക്ക് ചാഡ് മേഖലയിൽ ദീർഘകാലമായി ബോക്കോ ഹറാം ഭീകരരുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.
Kerala
ലബനൻ: ഇസ്രായേൽ സൈനികർക്ക് ഭീഷണിയായി ഹിസ്ബുള്ളയുടെ പുതിയ യുദ്ധതന്ത്രം. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണുകളാണ് ഇപ്പോൾ ഇസ്രായേൽ സൈനികർക്ക് ഭീഷണിയായിരിക്കുന്നത്.
സാധാരണ ഡ്രോണുകൾ വയർലെസ് സിഗ്നലുകൾ ഉപയോഗിക്കുമ്പോൾ ഈ ഡ്രോണുകൾ ഓപ്പറേറ്ററുമായി നേരിട്ട് ഒരു ഫൈബർ ഒപ്റ്റിക് കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. റേഡിയോ സിഗ്നലുകൾ ഇല്ലാത്തതിനാൽ ഇസ്രായേലിന്റെ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല.
ഇലക്ട്രോണിക് സിഗ്നലുകളുടെ അഭാവം മൂലം ഡ്രോണുകൾ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്തുക അസാധ്യമാണെന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകൻ യെഹോഷ്വ കാലിസ്കി പറയുന്നു. ഡ്രോണുകളെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് 15 കിലോമീറ്റർ വരെ നീളമുണ്ടാകാം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര നേർത്തതും ഭാരം കുറഞ്ഞതുമാണ് ഈ കേബിളുകൾ. ഓപ്പറേറ്റർക്ക് തത്സമയം കൃത്യമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ലക്ഷ്യസ്ഥാനം കൃത്യമായി തകർക്കാൻ സാധിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുള്ള പുറത്തുവിട്ട വീഡിയോയിൽ ഈ ഡ്രോണുകളുടെ പ്രഹരശേഷി വ്യക്തമാണ്. ഡ്രോൺ വരുന്നത് ശ്രദ്ധയിൽപ്പെടാത്ത ഇസ്രായേൽ സൈനികർക്കിടയിലേക്കാണ് ഇത് പതിക്കുന്നത്. ആക്രമണത്തിൽ 19 വയസുകാരനായ സർജന്റ് ഇദാൻ ഫൂക്സ് കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റാൻ എത്തിയ ഹെലികോപ്റ്ററിന് നേരെയും ഹിസ്ബുള്ള ഡ്രോണുകൾ അയച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്പൂര് അതിര്ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
International
വാഷിംഗ്ടൺ: രണ്ടായിരത്തിലധികം യുഎസ് മറൈൻ സേനാംഗങ്ങളുടെ വീട്ടുപേരും വിലാസവും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഇറാന്റെ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പ് ചോർത്തിയതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണൽ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പങ്കുവെച്ചത്. തങ്ങളുടെ "നിരീക്ഷണ പാടവം" തെളിയിക്കാനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്.
സൈനികരുടെ വീട്ടുവിലാസങ്ങൾ പുറത്തുവന്നത് അവരുടെ കുടുംബങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ശത്രുരാജ്യങ്ങളിൽ നിന്നോ ഭീകര സംഘടനകളിൽ നിന്നോ ഇവർക്ക് ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഹാക്കർ ഗ്രൂപ്പാണെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ പ്രാഥമിക നിഗമനം. ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
യുഎസ് പ്രതിരോധ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർന്ന സൈനികർക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകിയതായും സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
International
പോഗ്യാംഗ്: റഷ്യക്കുവേണ്ടി പോരാടവേ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് പൊട്ടിച്ചു ജീവനൊടുക്കിയ ഉത്തരകൊറിയൻ സൈനികരെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
റഷ്യയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്ഥാപിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറായി മരിച്ച സൈനികർ ഹീറോകളാണെന്നു കിം കൂട്ടിച്ചേർത്തു.
ശത്രുസേനയുടെ പിടിയിലാകുമെന്ന സാഹചര്യത്തിൽ സ്വയം മരിക്കണമെന്ന സൈനിക നയം ഉത്തരകൊറിയയിൽ നിലവിലുണ്ടെന്നാണു കിമ്മിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
റഷ്യയിലേക്ക് 15,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇതിൽ 6,000 പേർ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.
റഷ്യയിലെ പ്രതിരോധമന്ത്രി ആന്ദ്രെ ബെലുസോവ്, പാർലമെന്റ് സ്പീക്കർ വ്യാച്ചെസ്ലേവ് വോളോഡിൻ എന്നിവർ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
International
പ്യോംഗ്യാംഗ്: യുക്രെയ്നിൽ റഷ്യക്ക് വേണ്ടി പോരാടുന്ന ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ വെച്ച് ശത്രുക്കളുടെ പിടിയിലാകാതിരിക്കാൻ സ്വയം ജീവനൊടുക്കണമെന്ന ഉത്തരവ് സ്ഥിരീകരിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ. യുക്രെയ്നിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ സ്മരണയ്ക്കായി പ്യോംഗ്യാംഗിൽ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കിം ഈ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ യുദ്ധക്കളത്തിൽ വെച്ച് സ്വയം പൊട്ടിത്തെറിക്കാൻ മടിക്കാത്ത സൈനികരെ കിം ജോംഗ് ഉൻ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് അവർ വീരമൃത്യു വരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി കിം ഒപ്പിട്ട പ്രതിരോധ കരാറിനെത്തുടർന്ന് ഏകദേശം 10,000-ത്തോളം സൈനികരെയാണ് ഉത്തരകൊറിയ റഷ്യയെ സഹായിക്കാൻ അയച്ചത്.
ഇതിനോടകം ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടതായാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണക്ക്. യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലായി യുദ്ധത്തടവുകാരാകുന്നതിനേക്കാൾ നല്ലത് ചാവേറുകളായി മരിക്കുന്നതാണെന്ന നയമാണ് ഉത്തരകൊറിയ പിന്തുടരുന്നത്. പിടിയിലായ ഒരു ഉത്തരകൊറിയൻ സൈനികനും യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗവും നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
International
ടെഹ്റാൻ: അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ മുന്നൊരുക്കങ്ങൾ നടത്തി ഇറാൻ.
പത്തുലക്ഷം സൈനികരെ അണിനിരത്തി അമേരിക്കയെ പ്രതിരോധിക്കാൻ ഇറാൻ തയാറെടുക്കുകയാണ്.
സൈന്യത്തിൽ ചേരാൻ യുവാക്കൾ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Kerala
പരവൂര്: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകള് നേടിയ സൈനികര്ക്ക് ആജീവനാന്ത സൗജന്യ റെയില്വേ യാത്ര അനുവദിച്ച് കേന്ദ്ര സര്ക്കാര് ഉത്തരവിട്ടു.
സേന മെഡല് ജേതാക്കള്ക്കും അവരുടെ പങ്കാളികള്ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡല് ജേതാക്കള്ക്കൊപ്പം ഒരാള്ക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള് അറിയിച്ചു.
മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തില്, അവരുടെ മാതാപിതാക്കള്ക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അര്ഹതയുണ്ട്. സ്വീകര്ത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കില് മാത്രമേ മാതാപിതാക്കള്ക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികള്ക്ക് പുനര്വിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യന് റെയില്വേയുടെ ഫസ്റ്റ് ക്ലാസ്, സെക്കന്ഡ് എസി, എസി ചെയര് കാര് എന്നിവയില് ഈ ഇളവ് ലഭ്യമാകും.
ഇത് കൂടാതെ വിരമിച്ച സൈനികര്ക്കും അഗ്നിവീര്മാര്ക്കും റെയില്വേയില് തൊഴിലവസരങ്ങള് ഉറപ്പാക്കാന് ഇന്ത്യന് റെയില്വേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥര്ക്ക് സിവിലിയന് ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതനുസരിച്ച് റെയില്വേയിലെ ലെവല്- ഒന്ന് തസ്തികകളില് 20 ശതമാനവും ലെവല്- രണ്ട് തസ്തികകളില് 10 ശതമാനവും മുന് സൈനികര്ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിരമിച്ച അഗ്നിവീര്മാര്ക്കായി ലെവല്- ഒന്നില് 10 ശതമാനവും ലെവല്- രണ്ടില് അഞ്ച് ശതമാനവുമാണ് സംവരണം.
2024, 2025 വര്ഷങ്ങളിലായി ആകെ 14,788 തസ്തികകളാണ് ഇത്തരത്തില് മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമെ, കരാര് അടിസ്ഥാനത്തില് പോയിന്റ്സ്മാന്മാരായി മുന് സൈനികരെ നിയമിക്കുന്നതിനുള്ള നടപടികളും ഒമ്പത് റെയില്വേ ഡിവിഷനുകളില് ആരംഭിച്ചു കഴിഞ്ഞു.
International
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി സൈനികർ മരിച്ചു. 20 സൈനികരെ രക്ഷപ്പെടുത്തി. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്.
പ്യൂർട്ടോ ലെഗുയിസാമോയിൽനിന്ന് പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രതിരോധമന്ത്രി പെഡ്രോ സാഞ്ചസ് സംഭവം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.
International
കാബൂൾ: പാക് - അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൈന്യം അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി താലിബാൻ നടത്തിയ ആക്രമണത്തിൽ 40 പാക് സൈനികർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. ചില പാക്കിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.
താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ പാക് സൈനിക കേന്ദ്രങ്ങളാണ് താലിബാൻ ലക്ഷ്യമിട്ടത്.
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ കണ്ടെത്താൻ അത്യാധുനിക ലേസർ സംവിധാനങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രു സൈന്യത്തെ അനായാസം തകർക്കാൻ ഇത് സഹായിക്കുമെന്നും താലിബാൻ അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തെക്കുറിച്ച് പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.
International
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്.
സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷൻ ഹെറോഫ് ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം.
സൈനിക സ്ഥാപനങ്ങളെയും പോലീസിനെയുമാണ് ബിഎൽഎ ലക്ഷ്യം വച്ചത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്നി, മസ്തൂംഗ്, നുഷ്കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ക്വറ്റയിൽ മാത്രം നാലു പോലീസുകാർക്ക് ജീവൻ നഷ്ടമായി.
അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ബിഎൽഎയുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കർശനമാക്കി. പ്രധാന നഗരങ്ങളിൽ സേനാ വിഭാഗങ്ങളെ വിന്യസിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും പിടികൂടാനായി അമേരിക്ക ഒരുക്കിയത് വൻ യുദ്ധസന്നാഹം.
വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും എഫ്–35 അടക്കം 150 വിമാനങ്ങളും 15000 സൈനികരെയുമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എഫ്–35, എഫ്–22 യുദ്ധവിമാനങ്ങൾ, ബി–1 ബോംബറുകൾ എന്നിങ്ങനെ 150 വിമാനങ്ങൾ 20 താവളങ്ങളിൽനിന്നായി ലക്ഷ്യത്തിലേക്കു പാഞ്ഞു.
യുഎസ് സേനാംഗങ്ങൾക്കാർക്കും പരിക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും ജനറൽ ഡാൻ കെയ്ൻ പറഞ്ഞു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിൽ. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.
മോമിനാബാദിലെ സാദിഖ് കോളനിയിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, മാഗസിൻ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
International
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. 13 സൈനികർക്ക് പരിക്കേറ്റു. തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാന്പിനോട് ചേർന്നാണ് ആക്രമണമുണ്ടായത്. ഇതിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാന്പിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ക്യാന്പിലേക്ക് കടന്നുകയറി ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
Kerala
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാക്കിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണ്. മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യുസി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.
National
ശ്രീനഗര്: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സൈന്യവും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാരയിലെ മച്ചില്, ദുദ്നിയാല് സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.
മച്ചില് നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്പ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല് വിവരങ്ങള് ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്ഐ റിപ്പോര്ട്ട് ചെയ്തു.
രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
അതേസമയം, മറ്റൊരു സംഭവത്തില് ദുദ്നിയാല് സെക്ടറില് നിരവധി സ്ഫോടനങ്ങള് റിപ്പോര്ട്ട് ചെയ്തു. സൈനിക നടപടികള് ഇപ്പോഴും തുടരുകയാണ്.
International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര് കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്ക്ക് പിന്നില് പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ.
നിയന്ത്രണങ്ങളിൽ ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുതവണ ഇളവ് വരുത്തിയിരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയിൽ നാലു മണിക്കൂറാണ് കർഫ്യൂവിൽ ഇളവു നല്കിയത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരുന്നു ഇളവ്. ശനിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോലീസും പാരാമിലിട്ടറി സേനകളും പട്രോളിംഗ് ഊർജിതമാക്കിയിരുന്നു.
അതേസമയം അറസ്റ്റിലായ സമര നേതാവ് വാംഗ് ചുക് പാക് പൗരനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പോലീസും വ്യക്തമാക്കുന്നത്.
വാംഗ് ചുകിനെതിരേ അന്വേഷണം നടത്തിവരികയാണെന്ന് ലഡാക്ക് പോലീസ് മേധാവി എസ്.ഡി. സിംഗ് ജാംവാൾ പറഞ്ഞു. നാലുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാനവ്യക്തി വാംഗ് ചുകാണെന്നും ജാംവാൾ പറഞ്ഞു.
വാംഗ് ചുകിനെതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്തായിരുന്നെന്ന് യൂട്യൂബ് പരിശോധിച്ചാൽ മനസിലാകും.
വിദേശ സംഭാവന, എഫ്സിആർഎ ലംഘനം എന്നിവയെക്കുറിച്ച് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. വാംഗ് ചുകിന്റെ ചില വിദേശ സന്ദർശനങ്ങളും സംശയനിഴലിലാണെന്നും പോലീസ് മേധാവി പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വാംഗ് ചുക് നടത്തിവന്ന പ്രതിഷേധത്തിന്റെ വീഡിയോകളും ചിത്രങ്ങളും അതിർത്തിക്കപ്പുറത്തേക്ക് അയച്ച പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി നടത്തിയ ആശയവിനിമയവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാംഗ് ചുക് രാജസ്ഥാനിലെ ജോധ്പുരിലെ ജയിലിലാണുള്ളത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
National
ന്യൂഡല്ഹി: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില് ഒരു സൈനികന് വീരമൃത്യു.
ഇന്ന് പുലര്ച്ചെയായിരുന്നു ഭീകരര് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഉറി സെക്ടറില് ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില് തുടരുകയാണ്.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര് കോര്പ്സ് എക്സ് പോസ്റ്റില് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്നാര് മേഖലയില് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.