കൊല്ലം: കാട്ടുപന്നി പ്രശ്ന പരിഹാരത്തിന് പ്രത്യേക പദ്ധതി ഉണ്ടാകുമെന്നും വനാതിര്‍ത്തികളില്‍ വനം ഉദ്യാഗസ്ഥരുമായുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍. കൊല്ലം പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കും. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ ആധികാരികമായ പഠനരേഖയില്ല. കാട്ടിലെ മൃഗങ്ങളുടെ എണ്ണം സംബന്ധിച്ചും അനുമാനം മാത്രമാണുള്ളത്. തമിഴ്നാട്, കര്‍ണാടക വനങ്ങളില്‍ നിന്നുള്ള മൃഗങ്ങള്‍കൂടി എത്തുന്നുണ്ട്.
കടുവകളുടെ എണ്ണവും സ്ഥലപരിമിതിയും പ്രശ്നമാകുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കാര്യമായ കടുവ ആക്രമണങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. അവിടെ 46 കടുവകള്‍ മാത്രമേയുള്ളൂ. വയനാട്ടില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കടുവകളും കൂടെ ചേര്‍ത്താല്‍ 400 കടുവകളുണ്ടാകും. അതിനാല്‍ അവിടെ സ്ഥിതി സങ്കീര്‍ണമാണ്.
ശാസ്ത്രീയമായി ഒരു കടുവയ്ക്ക് ജീവിക്കാന്‍ 20 ചതുരശ്ര കിലോമീറ്റര്‍ മേഖല വേണം. പെരിയാറില്‍ അതിനുള്ള സ്ഥലമുണ്ട്. വയനാട്ടിലേക്ക് വരുമ്പോള്‍ ഒരു കടുവയ്ക്ക് നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രമേ ലഭിക്കുന്നുള്ളൂ. സ്ഥലം തികയാതെ വരുമ്പോള്‍ അവ പുറത്തേക്ക് വരും. ആനകളുടെ എണ്ണവും കഴിഞ്ഞ 10-15 വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ചു.
കാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാട്ടുപന്നികള്‍ കാടിനു പുറത്തുണ്ടെന്നാണ് കണക്ക്. അര ലക്ഷം കാട്ടുപന്നികള്‍ പുറത്തുണ്ട്. ശനിയാഴ്ച വയനാട്ടിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പിസിസിഎഫില്നിന്നും വിജിലന്‍സില്‍ നിന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികള്‍ ഉടനടി ഉണ്ടാകും.
ഷെഡ്യൂള്‍ ഒന്നില്‍ പെടുന്നതിനാല്‍ കാട്ടുപന്നി കള്ളിംഗ് രീതി കുരങ്ങില്‍ നടത്താനാകില്ല. ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ വനംവകുപ്പ് ആസ്ഥാനത്തുവച്ച് സര്‍ക്കാരിന്റെ 100 ദിവസ പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.