ഫോർട്ടുകൊച്ചി : പ്രായമായ ദമ്പതികള്‍ തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് 21 പവന് സ്വര്‍ണാഭരണങ്ങൾ മോഷണം പോയി. നസ്രത്ത് മദര്‍ തെരേസ റോഡ് മുട്ടത്തിപറമ്പില്‍ എ.വി ജോയിയുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങൾ പോയത്.
\വീടിന്റെ മുകളിലത്തെ നിലയില്‍ ഹാളിലെ അലമാരയിലെ ഡ്രോയില്‍ വച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. കഴിഞ്ഞ മേയ് 10ന് ദമ്പതികള്‍ ഞാറക്കലില്‍ ഒരു വിവാഹ ആവശ്യത്തിനായി പോയിരുന്നു. ഈ സമയം ഡ്രോയില്‍ ആഭരണങ്ങൾ ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിന് വീണ്ടും ഡ്രോ തുറന്ന് നോക്കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
തുടര്‍ന്ന് ദമ്പതികള്‍ തോപ്പുംപടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംശയമുളളതായി ദമ്പതികൾ പറഞ്ഞു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. തോപ്പുംപടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പൂട്ടിക്കിടന്ന വീട്ടിലും കവർച്ച
ആലുവ: പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് എസി യൂണിറ്റുകളുടെ കംപ്രസറുകൾ, പൈപ്പുകൾ, വാൽവുകൾ എന്നിവ കവർന്നു. ആലുവ കൊച്ചിൻ ബാങ്കിന് സമീപം ചെറുകരപീടികയിൽ പി.സി. മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
കഴിഞ്ഞ അഞ്ചിന് വീടുപൂട്ടിപ്പോയ ശേഷം 10 ന് മടങ്ങി വന്നപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്.
വീടിന്റെ രണ്ടാം നിലയിലെ വാതിൽ തുറന്ന് അകത്ത് കയറി രണ്ട് എയർ കണ്ടീഷനറുകളുടെ കംപ്രസർ അടക്കമുള്ള ഔട്ടർ യൂണിറ്റ് , ഇരുനിലകളിലേയും ടോയ്ലെറ്റുകളിലെയും അടുക്കളയിലെയും പൈപ്പുകൾ, വാട്ടർ ടാങ്കിന്റെയും വാഷിംഗ് മെഷീനിന്റെയും വാഷ് ബേസിനുകളുടെയും ടാപ്പുകളുമാണ് മോഷ്ടിച്ചത്. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു.
ഒഡീഷ സ്വദേശിയെ മര്‍ദിച്ച്
കവര്‍ച്ച : 2 പേര് അറസ്റ്റില്‍
കൊച്ചി: ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഒഡീഷ സ്വദേശിയെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എളംകുളം ചിലവന്നൂര്‍ സ്വദേശി ആല്ഫിന് (19), കോഴിക്കോട് സ്വദേശി അനീഷ് (24) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളികളായ രണ്ടുപേരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി.
11ന് രാത്രി 7.30 ന് പൊന്നുരുന്നി റെയില്‍വേട്രാക്കിനു സമീപത്തായിരുന്നു സംഭവം.
ഒഡീഷ സ്വദേശിയെ തടഞ്ഞു നിര്‍ത്തിയ ശേഷം നാലംഗ സംഘം സൈക്കിളിന്റെ പുറകില്‍ സൂക്ഷിച്ചിരുന്ന ചെടിവെട്ടാന് ഉപയോഗിക്കുന്ന കത്രിക കൊണ്ട് ഇടത് കാല്പാദത്തില് അടിക്കുകയായിരുന്നു. തുടര്‍ന്ന് പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപയും 30,000 രൂപ വരുന്ന മൊബൈല്‍ഫോണും കൈക്കലാക്കിയശേഷം യുവാവിനെ ക്രൂരമായി മര്‍ദിച്ചു. അറസ്റ്റിലായ രണ്ടു പ്രതികളും എന്‍ഡിപിഎസ്, അടിപിടി, മോഷണക്കേസുകളില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് കടവന്ത്ര പോലീസ് പറഞ്ഞു.
സിംഗപ്പുര്‍ വിസ തട്ടിപ്പ്
2 പേര്‍ക്കെതിരേ കേസ്
കൊച്ചി: സിംഗപ്പുരില്‍ വെയര്‍ഹൗസില്‍ സ്റ്റോര്‍കീപ്പര്‍ ജോലി വാഗ്ദാനം ചെയത് 1.5 ലക്ഷം തട്ടിയെന്ന പരാതിയില്‍ രണ്ടുപേർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.
കോഴിക്കോട് സ്വദേശി ശരണ്‍ (35) നല്കിയ പരാതിയില്‍ പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരൻ അര്ജുന് കൃഷ്ണ, നടത്തിപ്പുകാരി അനൂജ എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിസ ഡോക്യുമെന്റേഷനായി പണം നല്‍കിയെങ്കിലും വീസയോ തിരികെ പണമോ നല്‍കിയില്ലെന്നാണ് പരാതി.