ബ്രസൽസ്: ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു.
ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പരമാധികാരം ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രസൽസിൽ നടന്ന അടിയന്തര യോഗത്തിനുശേഷം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയെൻ വ്യക്തമാക്കി.
ഗ്രീൻലാൻഡ് വിഷയം നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രിയെഡ്രിച് മെർസ് എന്നിവരുമായി ചർച്ച ചെയ്തെന്നും ഉർസുല വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ എല്ലായ്പ്പോഴും അതിന്റെ തന്ത്രപ്രധാനമായ സാന്പത്തിക-സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായും നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും നേരിടും. നാറ്റോ സൈനിക സഖ്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ ആർട്ടിക് ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉർസുല വ്യക്തമാക്കി.
ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുള്ളത്.