തിരുവനന്തപുരം: കോവളത്തെ സ്പാ പീഡനകേസിൽ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച കൂടുതൽ പേരെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പത്തുപേരെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം,വയനാട്, തമിഴ്നാട്, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പതിനാറുകാരിയെ എത്തിച്ച് പലർക്കും കാഴ്ചവച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോവളത്തെ സ്പാ നടത്തിപ്പുകാരായ സജിത്ത്, നിഷാന്ത് എന്നിവരുമായി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സ്പാകളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. സ്പാകളിൽ നടത്തിയ പരിശോധനയിൽ കെട്ടുകണക്കിന് ഗർഭ നിരോധന ഉറകൾ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ വയനാട്ടിൽ ഉൾപ്പെടെ എത്തിച്ചത് കിരണ്‍ എന്ന വിഴിഞ്ഞം സ്വദേശിയായ യുവാവായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പൊലിസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
വയനാട് വൈത്തിരിയിലെ ആഡംബര ഹോട്ടലിൽ മൂന്ന് മുറികൾ സ്പാ നടത്തിപ്പിനെന്ന് പറഞ്ഞ് സജിത്ത് വാടകയ്ക്കെടുത്തിരുന്നു. ലക്ഷക്കണക്കിന് രൂപയായിരുന്നു അഡ്വാൻസായി നൽകിയിരുന്നത്. പെണ്‍കുട്ടിയെ എത്തിച്ച സ്പാകളിൽ എത്തിയവരെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലിസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണെന്നും വരുംദിവസങ്ങളിൽ കുടുതൽ പേർ ഈ കേസിൽ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
സ്പായിലെ പീഡനം: ഒന്നാംപ്രതിയെ സ്പായിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
വിഴിഞ്ഞം: കോവളത്തെ സ്പായിൽ ആന്ധ്ര സ്വദേശിനിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതി നാഗവല്ലിയെ കോവളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ എത്തിച്ചാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.
നാഗവല്ലിയും ഇവരുടെ ഭർത്താവും ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്. താൻ സ്പായിൽ തൂപ്പുജോലിക്കാണ് വന്നതെന്നാണ് ഒന്നാം പ്രതി പൊലിസിനോട് പറഞ്ഞത്. എന്നാൽ, മാസംതോറും ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ എത്തിയിട്ടുണ്ടെന്ന പൊലിസിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പ്രതിക്കായില്ല. ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിലും ഇവർ മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതേത്തുടർന്നാണ് തെളിവെടുപ്പ് വൈകിയത്.