പുനലൂർ: സബ് ജില്ലാ കലോത്സവത്തിൽ കമുകുംചേരി ഗവ. ന്യൂ എൽപിഎസ്. വിദ്യാർഥികളോട് കടുത്ത അവഗണന കാട്ടിയതിലും എവർറോളിംഗ് ട്രോഫി നിഷേധിച്ചതിലും രക്ഷകർത്താക്കളെ കൈയേറ്റം ചെയ്തതിലും ശക്തമായ പ്രതിഷേധം.
പുനലൂർ താലൂക്ക് സമാജം എച്ച്എസ്എസിൽനടന്ന സബ് ജില്ലാ കലോത്സവത്തിൽ കമുകുംചേരി ഗവ. ന്യൂ എൽപി സ്കൂളിനോട് എഇഒ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടക സമിതി എന്നിവർ കാണിച്ച കടുത്ത അവഗണന കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ മനോവിഷമമാണുണ്ടാക്കിയിരിക്കുന്നത്.എൽപി വിഭാഗം കലോത്സവത്തിൽ 13 ഇനങ്ങളിലായി 25 കുട്ടികളാണ് ഈ സ്കൂളിൽനിന്നു പങ്കെടുത്തത്.
മത്സരങ്ങളിൽ 65 പോയിന്റുകൾ നേടി എൽപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പിന് സ്കൂൾ അർഹരായി. ട്രോഫി ഏറ്റുവാങ്ങുന്നതിനായി സമാപന സമ്മേളനത്തിൽ നടന്ന കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും വേദിയിലെത്തി. സമ്മാനദാന വേദിയിൽ സ്കൂളിന്റെ പേര് അനൗൺസ് ചെയ്തതനുസരിച്ച് എവർറോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്നതിനായി വേദിയിലെത്തിയ കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ട്രോഫി നൽകാൻ സംഘാടക സമിതിക്ക് കഴിഞ്ഞില്ല.
ട്രോഫി ലഭ്യമല്ലെന്ന വിവരം മുൻകൂട്ടി സ്കൂൾ അധികൃതരെ അറിയിക്കാനുള്ള സാമാന്യ മര്യാദയോ ഉത്തരവാദിത്വമോ സംഘാടക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ സംഘാടകർ വേദിയിൽ നൽകിയ മറുപടി മുൻവർഷം ഈ ട്രോഫി നേടിയ ആവണീശ്വരം പിആർഎൻഎം പബ്ലിക് സ്കൂൾ ഇത് തിരികെ നൽകിയിട്ടില്ല എന്നാണ്.
സബ് ജില്ലാ കലോത്സവത്തിന്റെ നിയമാവലി അനുസരിച്ച്, രജിസ്ട്രേഷൻ സമയത്തുതന്നെ മുൻവർഷത്തെ ട്രോഫികൾ തിരികെ ഏൽപ്പിച്ചാൽ മാത്രമേ സ്കൂളിന് തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകാറുള്ളൂ. ഇത്തരമൊരു കർശന വ്യവസ്ഥ നിലനിൽക്കുമ്പോൾ പിആർഎൻഎം സ്കൂളിനും ആ മാനേജ്മെന്റിന് കീഴിലുള്ള മറ്റ് സ്കൂളുകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ ഏറ്റുവാങ്ങാനും എങ്ങനെ സാധിച്ചു എന്നത് ദുരൂഹമാണ്.
എഇഒ, സംഘാടക സമിതി ഭാരവാഹികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്.
കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും സംഘാടക സമിതി ഭാരവാഹികൾക്കുമെതിരേ കർശന നിയമ-വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതിനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സ്കൂൾ എസ്എംസി, എംപിടിഎ ഭാരവാഹികളും രക്ഷകർത്താക്കളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്എംസി ചെയർമാൻ ഹരികുമാർ, സുജിത് പത്മനാഭൻ, മനോജ്, ജയച്ചന്ദ്രൻ പണിക്കർ, ജെസ്സി തോമസ്, രാജലക്ഷ്മി, പ്രശാന്ത് , അഞ്ജു, അതുൽ എന്നിവർ പങ്കെടുത്തു.