ന്യൂഡൽഹി: പാർലമെന്റ് ഒരു പാർട്ടിക്കുവേണ്ടി മാത്രമല്ലെന്നും മുഴുവൻ രാജ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇടപെട്ടുകൊണ്ടാണ് രാഹുലിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുവീഴ്ചയ്ക്കു തയാറായെന്നും അതിന്റെ ഫലം എല്ലാവർക്കും അറിയാമെന്നും രാഹുൽ ആരോപിച്ചു.
പ്രതിപക്ഷനേതാവ് തന്റെ വാക്കുകൾ ശ്രദ്ധാപൂർവം വിലയിരുത്തണമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് പറഞ്ഞതോടെ പ്രതിപക്ഷമൊന്നാകെ ബഹളം വയ്ക്കുകയും രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സഭ നയിച്ച സ്പീക്കർ പാനലിലെ അംഗം ദിലീപ് സൈകിയ അനുമതി നിഷേധിച്ചു. എന്നാൽ പ്രതിപക്ഷാംഗങ്ങൾ ബഹളം കടുപ്പിച്ചതോടെ പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ട് രാഹുലിനെ സംസാരിക്കാൻ അനുവദിക്കുകയായിരുന്നു.
തുടർന്നു സംസാരിച്ച രാഹുൽ പാർലമെന്റിൽ തന്നെ പലതവണ നിശബ്ദനാക്കിയതായി ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെയും സ്പീക്കറുടെ പങ്കിനെയും കുറിച്ച് ചർച്ച നടക്കുന്പോൾ തന്നെ മോശമായി ചിത്രീകരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷം സംസാരിക്കാൻ എഴുന്നേൽക്കുന്പോൾ നിശബ്ദമാക്കുന്നു. പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയെപ്പറ്റി പലപ്പോഴും സഭയിൽ ചോദ്യമുന്നയിച്ചു.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വെളിപ്പെടുത്തൽ, എപ്സ്റ്റീൻ ഫയൽ, അമേരിക്കയുമായുള്ള വ്യാപാരം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നിശബ്ദനാക്കിയതായി രാഹുൽ ആരോപിച്ചു.