ഛത്രപതി സംഭാജിനഗർ: ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തപ്പോൾ താനും കുടുംബവും കടുത്ത മാനസിക പീഡനത്തിനിരയായെന്നു സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. പ്രതിഷേധവേദിയായി നിശ്ചയിച്ചിരുന്ന ജന്തർ മന്തറിന്റെ പദവി റദ്ദാക്കിയ നടപടിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജനാധിപത്യത്തെത്തന്നെ റദ്ദാക്കാൻ ശ്രമിക്കുമെന്ന് ആരോപിച്ചു.""ഇനി രാജ്യം മുഴുവൻ ജന്തർ മന്തറാകും'' എന്നായിരുന്നു ദീപ്കെയുടെ മുന്നറിയിപ്പ്.
ഇന്നലെ മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സ്വന്തം ഗ്രാമമായ സാന്തുക് പിംപ്രിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 10ന് ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എവിടെയാണു തന്നെ പാർപ്പിച്ചതെന്ന് കുടുംബത്തെയും അഭിഭാഷകനെയും പൊലിസ് അറിയിച്ചില്ലെന്ന് ദീപ്കെ കുറ്റപ്പെടുത്തി. മുത്തശ്ശിയുടെ മരണത്തിൽ ദുഃഖത്തിലായിരുന്ന കുടുംബത്തെ കൂടുതൽ മാനസികസമ്മർദത്തിലാക്കുന്ന രീതിയിലായിരുന്നു പൊലിസിന്റെ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
മുത്തശ്ശിയുടെ മരണവിവരം അറിയിച്ചെന്നും നാട്ടിലേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്തെന്നുമുള്ള ഡൽഹി പൊലിസിന്റെ വാദം അദ്ദേഹം തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പുറത്തുവിട്ടതാണെന്നും താൻ കരയുന്നതും മൊബൈൽ ഫോണ് ആവശ്യപ്പെടുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയെന്നും ആരോപിച്ചു. മുഴുവൻ ദൃശ്യങ്ങളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.