ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശ്രീലീലയുടെ ടീം. പരക്കുന്നത് വ്യാജവാർത്തയാണെന്നും കിംവദന്തികൾ നിഷേധിക്കുകയാണെന്നും അവർ പറഞ്ഞു.
ഐപിഎൽ പഞ്ചാബ് കിംഗ്സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ശ്രീലീലയും തിലക് വർമയും പ്രണയത്തിലാണെന്ന പ്രചാരണമുണ്ടായത്.
ധരംശാലയിൽ നടന്ന മത്സരം കാണാൻ ശ്രീലീലയുടെ അമ്മ എത്തിയിരുന്നു. ഇതോടെ നടിയും മത്സരം കാണാനെത്തിയെന്നും തിലക് എന്നു പേരെഴുതിയ ടീഷർട്ട് ധരിച്ചെന്നും അഭ്യൂഹമുയർന്നു. ഇതോടൊണ് നടിയുടെ ടീം വാർത്ത നിക്ഷേധിച്ചത്.
‘തിലക് വർമ്മയും ശ്രീലീലയും തമ്മിലുള്ള കിംവദന്തികൾ പൂർണ്ണമായും അടിസ്ഥാനരഹിതവും സത്യമല്ലാത്തതുമാണ്. ഇരുവരും തമ്മിൽ ഒരിക്കലും ആശയവിനിമയം നടത്തിയിട്ടില്ല. ഈ ഊഹാപോഹങ്ങൾക്ക് യാതൊരു സത്യസന്ധതയുമില്ല, വസ്തുതാപരമായ അടിത്തറയില്ലാതെ ഇത്തരം കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിക്കരുത്.’ എന്ന് ശ്രീലീലയുടെ ടീം പ്രസ്താവന പുറത്തിറക്കി.
മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും തെളിവില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ടീം പറഞ്ഞു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ തിലക് വർമ ടീം താമസിച്ചിരുന്ന ഹോട്ടലിലൂടെ ഹെഡ് ഫോൺ ധരിച്ച് നടക്കവെ തിലകിനെ ചൂണ്ടിക്കാട്ടി സൂര്യകുമാർ യാദവ് അവൻ പ്രണയത്തിലാണെന്ന് തമാശരൂപേണ പറഞ്ഞിരുന്നു.
ഇതും അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതോടെയാണ് പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ച് നടിയുടെ വൃത്തങ്ങൾ എത്തിയത്.