വിംബിള്‍ഡൺ ഗാലറിയിൽ തെന്നിന്ത്യൻ താരങ്ങളായ കല്യാണിയും ശ്രീലീലയും.
ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഗാലറിയില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശനും ശ്രീലീലയും. ടെന്നീസ് കോര്‍ട്ടിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ ഗ്ലാമറസ് ലുക്കിലെത്തിയ താരസുന്ദരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേവലം ആരാധകര്‍ മാത്രമല്ല, വിംബിള്‍ഡണിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും ഇരുവരുടെയും ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മനോഹരമായ ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് ഗാലറിയിലിരിക്കുന്ന കല്യാണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട്, കല്യാണി പ്രിയദര്ശന്, നിങ്ങളെ വിംബിള്‍ഡണിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട് - എന്നാണ് ഔദ്യോഗിക ഹാന്‍ഡില്‍ കുറിച്ചത്. സമാനമായി, കളിയുടെ ഓരോ നിമിഷവും അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്ന യുവനടി ശ്രീലീലയുടെ ചിത്രങ്ങളും അവര്‍ പങ്കുവച്ചു. സ്റ്റൈലിഷ് ലുക്കിലെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

തമിഴില്‍ കാര്‍ത്തിക്കൊപ്പമുള്ള മാര്‍ഷല്‍, ജയം രവിയുടെ ജീനി എന്നീ വലിയ പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് കല്യാണിയിപ്പോള്‍. ശിവകാര്ത്തികേയന്-സുധ കൊങ്ങര കൂട്ടുകെട്ടിന്റെ പരാശക്തിയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ശ്രീലീല, ധനുഷിന്റെ ഓം ചാപ്റ്റര്‍ 1: ഉധിരം എന്ന പുതിയ ചിത്രത്തിലും പവന് കല്യാണിന്റെ ഉസ്താദ് ഭഗത് സിംഗ് എന്ന തെലുങ്ക് ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമകളുടെ തിരക്കുകള്‍ക്കിടയിലാണ് ഇരുവരും ലണ്ടനില്‍ വെക്കേഷന് ആഘോഷമാക്കുന്നത്.
Tags : Tennis Wimbledon Sreeleela KalyaniPriyadarshan Kollywood Mollywood