സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയതിന്റെ സന്തോഷവും അനുഭവങ്ങളും പങ്കുവച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. ഗവർണറിൽ നിന്ന് ബഹുമതി ഏറ്റുവാങ്ങിയ ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്നത്. ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും താൻ സങ്കൽപ്പിച്ചിട്ടില്ലെന്നും അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ആ നിമിഷങ്ങളിലൂടെ കടന്നുപോയതെന്നും അദ്ദേഹം കുറിച്ചു.
ഈ വലിയ അംഗീകാരം സ്വീകരിക്കുമ്പോഴും തനിക്കൊപ്പം പ്രിയ സുഹൃത്ത് ശ്രീനിവാസൻ ഉണ്ടെന്ന് വിശ്വസിക്കുന്നതായി സത്യൻ അന്തിക്കാട് വ്യക്തമാക്കി. 'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനസിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപ്പിക്കുന്നു,' അദ്ദേഹം കുറിച്ചു. തങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന 'സന്ദേശം', 'വരവേൽപ്പ്', 'തലയണമന്ത്രം', 'ഞാൻ പ്രകാശൻ' തുടങ്ങിയ ചിത്രങ്ങളെയും അദ്ദേഹം സ്മരിച്ചു.
തൃശൂർ ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തിൽ നിന്ന് യാതൊരു കലാപാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയ വഴിത്താരകളെ സംവിധായകൻ കുറിപ്പിൽ ഓർത്തെടുക്കുന്നു. സർവകലാശാലാ ബഹുമതിയെക്കുറിച്ച് മക്കളോട് ചോദിച്ചപ്പോൾ, 'ഞങ്ങളൊക്കെ അധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ പഠിച്ചാണ് ഡിഗ്രി നേടിയത്, അച്ഛൻ വിഷയങ്ങൾ സ്വയം കണ്ടെത്തുകയും പ്രേക്ഷകരുടെ മനസിൽ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്' എന്ന് മക്കൾ നൽകിയ ധൈര്യമാണ് തന്നെ വേദിയിൽ ഉറപ്പിച്ചുനിർത്തിയത് എന്ന് അദ്ദേഹം പറയുന്നു.
കുഞ്ഞുണ്ണി മാഷ്, ഗുരുനാഥൻ ഡോ. ബാലകൃഷ്ണൻ, സംവിധായകരായ ഹരിഹരൻ, ചന്ദ്രകുമാർ, ജേസി എന്നിവരെയും തന്റെ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ഇളയരാജ, ജോൺസൺ, കെ.ജെ. യേശുദാസ്, ഒപ്പം മമ്മൂട്ടിയെയും മോഹൻലാലിനെയും അദ്ദേഹം നന്ദിയോടെ ഓർത്തു.
തുടർന്നുള്ള കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കുമെന്നും അംഗീകാരത്തേക്കാൾ ഉപരി ഇതൊരു അനുഗ്രഹമായാണ് കാണുന്നതെന്നും വ്യക്തമാക്കിയാണ് സത്യൻ അന്തിക്കാട് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Tags : SathyanAnthikad Director Sreenivasan