റിമി റ്റോമി
വിദേശ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ പുതിയ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുന്നു. കാനഡയിൽ നിന്നും പകർത്തിയ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് റിമി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രകൃതിയുടെ അത്ഭുതക്കാഴ്ചയ്ക്ക് അരികിൽ നിൽക്കുന്നതിന്റെ സന്തോഷവും ആവേശവും ഗായികയുടെ വാക്കുകളിൽ വ്യക്തമാണ്.
'നയാഗ്ര വെള്ളച്ചാട്ടം, കാനഡ. പ്രകൃതിയുടെ ഈ അത്ഭുതത്തിന് അരികിൽ നിൽക്കുമ്പോൾ, പ്രകൃതിയുടെ ശക്തി അനുഭവിക്കുമ്പോൾ, എന്റെ മുഖത്ത് മിസ്റ്റ് വന്ന് മൂടുമ്പോൾ, ചുറ്റും ഭംഗി മാത്രം. എന്നെന്നും ഓർക്കുവയ്ക്കാൻ മനോഹരമായൊരു ഓർമയും ശ്വാസം നിലച്ചു പോകുന്ന അനുഭവവും,' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് റിമി കുറിച്ചത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ മഴവില്ലും വീഡിയോയിൽ ദൃശ്യമാണ്.
എന്നാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾക്കൊപ്പം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് റിമി ധരിച്ചിരിക്കുന്ന റെയിൻകോട്ടാണ്. കടുത്ത ചുവന്ന നിറത്തിലുള്ള ഒരു റെയിൻകോട്ടാണ് വീഡിയോയിൽ റിമി ധരിച്ചിരിക്കുന്നത്. ഈ കോട്ടിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകൾ. നൂറു രൂപയുടെ റെയിൻകോട്ടും കൊണ്ടാണോ പോയതെന്നാണ് ആരാധകർ കമന്റുകളിലൂടെ തമാശയായി ചോദിക്കുന്നത്.
സംഗീത പരിപാടികൾക്കായി കാനഡയിൽ എത്തിയതാണ് റിമി ടോമി. പരിപാടിയുടെ ഇടവേളകളിലെ ഒഴിവുസമയങ്ങൾ ആസ്വദിക്കുന്നതിനിടെ ചിത്രങ്ങളും യാത്രാ വിശേഷങ്ങളും ഗായിക ആരാധകർക്കായി സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.