'അണലി'യിൽ ലിയോണ ലിഷോയ്, നിഖില വിമൽ.
'കൂടത്തായി' സയനൈഡ് കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ നിർമിച്ചതെന്ന് ആരോപിക്കപ്പെടുന്ന 'അണലി' മലയാളം വെബ്സീരീസിന്റെ റിലീസിന് എറണാകുളം അഡീഷണൽ മുൻസിഫ് കോടതിയുടെ വിലക്ക്. കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെ വെബ്സീരീസിന്റെ പ്രീമിയർ കോടതി തടഞ്ഞു. കേസിലെ പ്രധാന പ്രതിയായ ജോളി ജോസഫ് സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി.
സീരീസും താനുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പ്രാഥമികമായി ഹാജരാക്കാൻ ഹർജിക്കാരിക്കു കഴിഞ്ഞിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെ നിരപരാധിയായി കരുതാനുള്ള അവകാശമുണ്ട്. വിചാരണ പൂർത്തിയാകുന്നതിനു മുൻപു പ്രധാന കഥാപാത്രത്തെ ജോളിയുമായി സാദൃശ്യപ്പെടുത്തുകയും യഥാർഥ കുറ്റവാളിയായി ചിത്രീകരിക്കുകയും ചെയ്യുന്നതു നീതിയുക്തമായ വിചാരണയെയും വ്യക്തിഗത അന്തസിനെയും സ്വകാര്യതയെയും ബാധിക്കും. പിന്നീടു നൽകുന്ന നഷ്ടപരിഹാരം ഇതിനു പരിഹാരമാകില്ലെന്നും കോടതി വ്യക്തമാക്കി.
'ആട്' സിനിമകളിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസാണ് 'അണലി'. ലിയോണ ലിഷോയ്, നിഖില വിമൽ, 'ഡീസ് ഇറേ' താരം ജിബിൻ ഗോപിനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടത്തായി കേസിന് ആസ്പദമായ കഥയിൽ ജോളി ജോസഫിനെ മാതൃകയാക്കിയുള്ള കഥാപാത്രത്തെയാണ് ലിയോണ ലിഷോയ് അവതരിപ്പിക്കുന്നത്.
നേരത്തെ മുൻസീഫ് കോടതി ഉത്തരവിട്ട ഇടക്കാല സ്റ്റേയെ തുടർന്ന് നിർമാതാക്കളും സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറും കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വാദം പരിഗണിച്ച്, മുൻസിഫ് കോടതിയോട് ഹർജിയിൽ വേഗത്തിൽ തീർപ്പു കൽപ്പിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നാണു വിചാരണ പൂർത്തിയാകും വരെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവുണ്ടായിരിക്കുന്നത്.
Tags : Entertainment WebSeries Anali KoodathayiCase JollyJoseph MidhunManuelThomas LeonaLishoy NikhilaVimal FilmNews